അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള മോക്ക്‌ഡ്രില്‍ 20ന്

അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള മോക്ക്‌ഡ്രില്‍ 20ന്

കൊച്ചി: എറണാകുളം പുതുവൈപ്പിന്‍ പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനലില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 20ന് മോക്ക്ഡ്രില്‍ സംഘടിപ്പിക്കും. അത്യാഹിസാഹചര്യങ്ങളെ നേരിടുന്നതിന് വിവിധ സുരക്ഷാ സംവിധാനങ്ങളെയും സര്‍ക്കാര്‍ വകുപ്പുകളെയും സജ്ജമാക്കുന്നതിനാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.

പുതുവൈപ്പിന്‍ പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നതിനായി ചേര്‍ന്ന ആലോചനാ യോഗം മോക്ക് ഡ്രില്‍ പദ്ധതിക്ക് രൂപം നല്‍കി. മൂന്ന് തലത്തില്‍ രൂപികരിക്കുന്ന കണ്‍ട്രോള്‍ റൂമുകളിലൂടെയാണ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്. ജില്ലാതല കണ്‍ട്രോള്‍ റൂമായി കളക്‌ട്രേറ്റിലെ ജില്ല അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം, പ്രാദേശിക കണ്‍ട്രോള്‍ റൂമായി ഇളങ്കുന്നപ്പുഴ പഞ്ചായത്തില്‍ സജ്ജമാക്കുന്ന താലൂക്ക്തല ഇന്‍സിഡന്റ് കണ്‍ട്രോള്‍ റൂം, എല്‍എന്‍ജി ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ സൈറ്റ് കണ്‍ട്രോള്‍ റൂം എന്നിവയിലൂടെയാണ് മോക്ക് ഡ്രില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

20ന് 11 ണിക്ക് മോക്ക് ഡ്രില്ലിന്റെ ഭാഗമായുള്ള അടിയന്തര സന്ദേശം എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നും വിവിധ കേന്ദ്രങ്ങളില്‍ എത്തുന്നതോടെയാണ് മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. കാളമുക്ക് കവലയില്‍ നിന്നും എല്‍എന്‍ജി ടെര്‍മിനലിലേക്കുള്ള വാഹന ഗതാഗതം ഇതിന്റെ ഭാഗമായി നിരോധിക്കും.