ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍

ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍

കോഴിക്കോട് : ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് സുരഭി കൃഷ്ണയാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. പത്തനംതിട്ട അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിന്‍സ് വിലാസത്തില്‍ പ്രസാദ് മോസസിന്റെ (29) പരാതിയിലാണ് സുരഭിയെ അറസ്റ്റ് ചെയ്തത്. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഹൈക്കോടതി സ്റ്റേനോഗ്രാഫര്‍ ആണെന്ന് പറഞ്ഞ് യുവാവിനെ ഫോണില്‍ വിളിച്ച സുരഭി ഹൈക്കോടതിയില്‍ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. 2020ല്‍ പ്രിന്‍സില്‍ നിന്ന് 4,45,250 രൂപയാണ് ഇവര്‍ വാങ്ങിയത്. സുഹൃത്തിനും സഹോദരന്മാര്‍ക്കും ഡ്രൈവറുടെ ഒഴിവിലേക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാക്കുനല്‍കി 1,50,000 രൂപയും അക്കൗണ്ടിലേക്ക് അയപ്പിച്ചു. ആകെ 5,95,250 രൂപ തട്ടിയെടുത്ത കേസില്‍ പ്രതി ജാമ്യമെടുത്തശേഷം മുങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതിക്കെതിരെ കോടതി വാറന്‍ഡ് പുറപ്പെടുവിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടില്‍ നിന്നാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.