ഗുരുതര അഴിമതി കണ്ടെത്തി ഇടുക്കിയിലെ ആറ് പോലീസ് കാന്റീന്‍ പൂട്ടാന്‍ അന്വേഷണസമിതി ശിപാര്‍ശ
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പോലീസ് കാന്റീനുകളുമായി ബന്ധപ്പെട്ട് ഗുരുതരക്രമക്കേടുകള്‍ കണ്ടെത്തി അന്വേഷണസമിതി. ജില്ലയിലെ ആറ് പോലീസ് കാന്റീനുകള്‍ പൂട്ടാന്‍ ഡി.ഐ.ജി: എസ്. കാളിരാജ് മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സമിതി ശിപാര്‍ശ ചെയ്‌തു.
കാന്റീനുകള്‍ പോലീസുകാര്‍ക്കു മാത്രം പ്രയോജനപ്പെടുന്ന തരത്തില്‍ മെസുകളാക്കി നടത്തണമെന്നും സമിതി നിര്‍ദേശിച്ചു. ഇടുക്കി ജില്ലയിലെ ആറ് പോലീസ് സ്‌റ്റേഷന്‍ കാന്റീനുകള്‍ കച്ചവടസ്‌ഥാപനങ്ങളായാണു പ്രവര്‍ത്തിക്കുന്നതെന്നു സമിതി കണ്ടെത്തി.
നടത്തിപ്പുകാരായ പോലീസുകാര്‍ ഇതിലൂടെ അനധികൃതസമ്ബാദ്യമുണ്ടാക്കുന്നു. കാന്റീനില്‍ പോലീസുകാരെക്കൊണ്ടു മേലുദ്യോഗസ്‌ഥര്‍ നിര്‍ബന്ധിച്ച് ജോലിചെയ്യിക്കുന്നു. ഫണ്ട് സമാഹരണത്തിലോ കണക്കുകള്‍ സൂക്ഷിക്കുന്നതിലോ കൃത്യതയില്ല. പോലീസ് സ്‌റ്റേഷനോടു ചേര്‍ന്ന് കെട്ടിടം നിര്‍മിച്ച് ബിസിനസ് നടത്തുന്നതു സുരക്ഷാഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്തുള്ള ഹോട്ടലുകളുമായി മത്സരിച്ചാണു കച്ചവടം. അതുകൊണ്ടു പോലീസിനു പ്രയോജനമില്ല. ചിലര്‍ക്കു പണമുണ്ടാക്കാനുള്ള കുറുക്കുവഴിയാണിത്.
മെസ് നടത്തിപ്പിനു സ്‌റ്റേഷന്‍ മേധാവി നിര്‍ദേശിക്കുന്നവരെ ഉള്‍പ്പെടുത്തി സമിതിയുണ്ടാക്കണം. സമിതി അംഗങ്ങളെ ഇടയ്‌ക്കിടെ മാറ്റണം. നടത്തിപ്പിലോ അടിസ്‌ഥാനസൗകര്യങ്ങളിലോ മാറ്റം വരുത്തണമെങ്കില്‍ പോലീസ് ആസ്‌ഥാനത്തുനിന്ന് അനുമതി വാങ്ങണം. ഒരു കാരണവശാലും കാന്റീനില്‍ പോലീസുകാര്‍ ജോലി ചെയ്യാന്‍ പാടില്ല. പകരം ദിവസവേതനത്തില്‍ ജീവനക്കാരെ നിയോഗിക്കണം.
കാന്റീനിനായി എ.ടി.എം. സൗകര്യമുള്ള ബാങ്ക് അക്കൗണ്ട് വേണം. പ്രതിമാസവും പ്രതിവര്‍ഷവും ഓഡിറ്റ് നടത്തണം. മെസ് നടത്തിപ്പിലൂടെ മിച്ചമുള്ള പണം ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ക്ഷേമ ഫണ്ടിലോ സ്‌പോര്‍ട്‌സ് ഫണ്ടിലോ നിക്ഷേപിക്കണം.
സമീപത്തെ കോടതിക്കും പ്രയോജനപ്പെടുന്നതിനാല്‍ അടിമാലി പോലീസ് സ്‌റ്റേഷന്‍ കാന്റീന്‍ കുടുംബശ്രീയെ ഏല്‍പിക്കാമെന്നും ശിപാര്‍ശയുണ്ട്. അടച്ചുപൂട്ടുന്ന കാന്റീനുകളിലെ സാധനങ്ങള്‍ പോലീസ് ബറ്റാലിയനുകള്‍ക്കു കൈമാറണം. അക്കൗണ്ടുകള്‍ ജില്ലാ പോലീസ് മേധാവിയുടെ ചുമതലയിലേക്കു മാറ്റണം. കാന്റീന്‍ നടത്താന്‍ വായ്‌പ എടുത്തിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട വ്യക്‌തികളുടെ പേരിലാക്കണം.
എറണാകുളം റേഞ്ച് ഡി.ഐ.ജി: എസ്. കാളിരാജ് മഹേഷ്‌കുമാര്‍ അധ്യക്ഷനായ സമിതിയില്‍ റെയില്‍വേ എസ്.പി: ആര്‍. നിശാന്തിനി, റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്റ് നവനീത് ശര്‍മ എന്നിവര്‍ അംഗങ്ങളാണ്. എസ്.എ.പി. പോലീസ് കാന്റീനിലെ അഴിമതി ചൂണ്ടിക്കാണിച്ച എസ്.പി: ജയനാഥിനെതിരേ നടപടിയെടുക്കാന്‍ ഉന്നതതലനീക്കം നടന്നിരുന്നു. അതേഗതി അന്വേഷണസമിതി റിപ്പോര്‍ട്ടിനും ഉണ്ടാകുമെന്നാണു സൂചന.
Comments (0)