നിയമനത്തട്ടിപ്പില്‍ പുതിയ ശബ്‌ദരേഖ ''പാര്‍ട്ടിക്കാര്‍ക്കു എന്നെ പേടി''-സരിത എസ്. നായര്‍
തിരുവനന്തപുരം : പിന്‍വാതില്‍ നിയമനങ്ങള്‍ക്കു പാര്‍ട്ടി സമ്മതിക്കുന്നതു തന്നെ പേടിയായതിനാലാണെന്ന സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടേതായ ഫോണ്‍ സംഭാഷണം പുറത്ത്. പാര്‍ട്ടിയുടെ പേരു പറയുന്നില്ലെങ്കിലും ഉദ്ദേശിക്കുന്നതു സി.പി.എമ്മിനെയാണെന്നു സംഭാഷണത്തില്‍നിന്നു വ്യക്‌തം. പിന്‍വാതില്‍ നിയമനങ്ങള്‍ വിവാദമാകുന്നതിനിടെ പുതിയ ശബ്‌ദരേഖ പുറത്തുവന്നതു സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.
നെയ്യാറ്റിന്‍കരയില്‍ തൊഴില്‍ തട്ടിപ്പിന് ഇരയാക്കിയ നെയ്യാറ്റിന്‍കര സ്വദേശി എസ്.എസ്. അരുണുമായുള്ള സരിതയുടെ സംഭാഷണഭാഗമായാണ് ഇന്നലെ പുറത്തുവന്നത്. ജോലിവാഗ്‌ദാനം നല്‍കി പണം വാങ്ങിയ ശേഷം പറ്റിച്ചെന്ന പരാതിയില്‍ മാസങ്ങളായിട്ടും പോലീസ് നടപടിയുണ്ടാകാതിരുന്ന സാഹചര്യത്തിലാണു പരാതിക്കാര്‍ ഇതു പുറത്തുവിട്ടത്. പണം നിക്ഷേപിച്ചതടക്കമുള്ള വാട്ട്‌സ്‌ആപ്പ് ചാറ്റുകളും പുറത്തായി.
പിന്‍വാതില്‍ നിയമനങ്ങള്‍ക്കു സഹായിക്കുന്നത് പാര്‍ട്ടിക്കാരാണെന്നു പറയുന്നതായാണു ശബ്‌ദരേഖയിലുള്ളത്. പിന്‍വാതില്‍ നിയമനം നടത്തുന്നത് പാര്‍ട്ടി ഫണ്ടിനായാണ്. പകുതി പണം പാര്‍ട്ടിക്കാര്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കും നല്‍കണം. പാര്‍ട്ടി ഇതെല്ലാം സമ്മതിക്കുന്നത് തന്നെ പേടിയായതുകൊണ്ടാണെന്നും ഇവര്‍ പറയുന്നു. ആരോഗ്യകേരളം പദ്ധതിയില്‍ പിന്‍വാതിലിലൂടെ നാലുപേര്‍ക്ക് ജോലി വാങ്ങിക്കൊടുത്തെന്നു അവകാശപ്പെടുന്ന ശബ്‌ദരേഖ പരാതിക്കാര്‍ നേരത്തേ പുറത്തുവിട്ടിരുന്നു.
ഒരാള്‍ക്ക് ഒരു ജോലി കൊടുത്താല്‍ ആ വീട്ടുകാരെല്ലാവരും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണു വിശ്വാസമെന്നും അരുണിനോടുള്ള സംഭാഷണത്തില്‍ അവര്‍ പറയുന്നു. പി.എസ്.സി. എഴുതി കയറുന്നതല്ലല്ലോ. നമ്മള്‍ ക്ഷമയെടുക്കണം. മൂന്നു മാസത്തിലെ പ്രവര്‍ത്തനങ്ങള്‍കൊണ്ടാണു നാലുപേര്‍ക്ക് ആരോഗ്യകേരളം പദ്ധതിയില്‍ ജോലി തരപ്പെടുത്തിയത്. രാഷ്‌്രടീയക്കാരുടെയും ഉദ്യോഗസ്‌ഥരുടെയും സഹായത്തോടെയാണു നിയമനം നടത്തുന്നതെന്നു അവര്‍ പറയുന്നു.
ശബ്‌ദരേഖ തന്റേതല്ലെന്ന് സരിത
തിരുവനന്തപുരം: ജോലിത്തട്ടിപ്പു സംബന്ധിച്ച് പരാതി നല്‍കിയവര്‍ പുറത്തുവിട്ടതെന്നു പറയുന്ന ശബ്‌ദരേഖയിലെ സംഭാഷണം തന്റേതല്ലെന്നു സരിത എസ്. നായര്‍. ഫോണ്‍ സംഭാഷണം ഫോറന്‍സിക് പരിശോധന നടത്തണം. പരാതിക്കാരനായ യുവാവിനെ താന്‍ അറിയുക പോലുമില്ലെന്നും സരിത പറഞ്ഞു.
ബെവ്‌കോ, കെ.ടി.ഡി.സി. തുടങ്ങിയ പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ തൊഴില്‍ വാഗ്‌ദാനം ചെയ്‌തു സരിതയും കൂട്ടാളികളും 16 ലക്ഷത്തിലധികം രൂപ ഇടനിലക്കാര്‍ മുഖേന വാങ്ങിയെന്നാണു പരാതി. സരിത, കൂട്ടുപ്രതികളായ രതീഷ്, ഷൈജു പാലോട് എന്നിവര്‍ക്കെതിരേ കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. മന്ത്രിമാരുടെ പേരു പറഞ്ഞാണ് സരിത പിന്‍വാതില്‍ നിയമനം ഉറപ്പുനല്‍കിയതെന്നു തട്ടിപ്പിനിരയായ അരുണ്‍ പറഞ്ഞു. അനധികൃത നിയമനം നടത്തി കമ്മിഷനെടുക്കാന്‍ സി.പി.എം. അനുവദിച്ചിട്ടുണ്ടെന്നും സോളാര്‍ തട്ടിപ്പില്‍ കൂടെനിന്നതിനുള്ള ഓഫറാണ് ഇതെന്നും സരിത വിശ്വസിപ്പിച്ചെന്നും അരുണ്‍ പറയുന്നു.
ശബ്‌ദരേഖ ഒരുവര്‍ഷമായി കൈയിലുണ്ട്: പോലീസ്
ശബ്‌ദരേഖ ഒരു വര്‍ഷമായി തങ്ങളുടെ കൈയിലുണ്ടെങ്കിലും ആധികാരികത പരിശോധിച്ചിട്ടില്ലെന്നാണു നെയ്യാറ്റിന്‍കര പോലീസ് പറയുന്നത്. സംഭവം വിവാദമായതോടെ നെയ്യാറ്റിന്‍കര പോലീസ് ഇന്‍സ്‌പെക്‌ടറെ ഡി.ജി.പി. വിളിപ്പിച്ചു.
Comments (0)