കെയർ കേരളം ആയുർവേദ കൺസോർഷ്യം പങ്കജകസ്തൂരി ഏറ്റെടുത്തു-അജിത ജയ്ഷോർ
തൃശ്ശൂർ:കൊരട്ടി കിൻഫ്രയിലെ ജപ്തിഭീഷണി നേരിട്ടിരുന്ന കെയർ കേരളം ആയുർവേദ കൺസോർഷ്യം ബാങ്ക് കുടിശ്ശിക തീർത്ത് പങ്കജകസ്തുരി ഏറ്റെടുത്തു.
കൺസോർഷ്യത്തിൻറെ തന്നെ ഭാഗമായ പങ്കജകസ്തുരി ആറുകോടി രൂപ അടച്ചാണ് ബാങ്കിലെ ബാധ്യത തീർത്തത്. പങ്കജകസ്തുരിയുടെ മാനേജിങ് ഡയറക്ടർ ഡോ. ജെ. ഹരീന്ദ്രൻ നായരുടെ നേതൃത്വത്തിലായിരിക്കും കെയർ കേരളം ഇനി മുന്നോട്ടുപോവുക. എങ്കിലും നിലവിലെ ക്ലസ്റ്റർ സംവിധാനംതന്നെ തുടരുമെന്നാണ് സൂചന. ഇതോടെ പ്രധാന ഓഹരിയുടമകളായിരുന്ന കിൻഫ്രയുടെ പങ്കാളിത്തം 18 ശതമാനമായി. 12 കോടി ബാധ്യത വന്നതോടെയാണ് സ്ഥാപന ത്തിൻറ നിലതെറ്റിയത്. ബാങ്കുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടി.ആയുർവേദത്തോടുള്ള പ്രതിബദ്ധത മൂലമാണ് കൺസോർഷ്യത്തിൻറ ബാധ്യത തീർത്തതെന്നും പുതിയ ആയുർവേദ ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുക മാത്രമല്ല പേറ്റൻറ് അടക്കം നേടിയെടുക്കുന്നതിൽ സ്ഥാപനങ്ങൾക്ക് തുണയാവുക എന്നതാണ് കൺസോർഷ്യത്തിൻറെ ലക്ഷ്യമെന്നും പങ്കജകസ്തുരി മാനേജിങ് ഡയറക്ടർ ഡോ. ജെ. ഹരീന്ദ്രൻ നായർ പറഞ്ഞു. വിവിധയിടങ്ങളിൽനിന്ന് അസംസ്കൃത വസ്തുക്കൾ ശേഖരിച്ച് സംസ്കരിച്ച് ശുദ്ധമായവ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്നതടക്കം പുതിയ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)