കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഫ്ലാറ്റുടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്
കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഫ്ലാറ്റുടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം സെഷന്‍സ് കോടതി ആണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഫ്ളാറ്റുടമ ഇംത്യാസ് അഹമ്മദ് ആണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ കുമാരി ആണ് മരിച്ചത്. കുമാരിയുടെ ഭര്‍ത്താവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റ് ഉടമക്കെതിരെ കേസ് എടുത്തത്.
കുമാരി ഇംത്യാസ് അലിയുടെ കൈയില്‍ നിന്ന് 10000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. പെട്ടെന്നുള്ള ആവശ്യത്തിന് വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ അഡ്വാന്‍സ് തിരിച്ച് നല്‍കാതെ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടെന്ന് പരാതിക്കാരന്‍ മൊഴി നല്‍കിയിരുന്നു.
അന്യായമായി തടങ്കലില്‍ വെച്ചതിനും മനുഷ്യക്കടത്തിനുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഫ്ലാറ്റിലെ ആറാം നിലയില്‍ താമസിക്കുന്ന അഡ്വ. ഇംത്യാസ് അലിയുടെ വീട്ടുജോലിക്കാരി കുമാരിയെ താഴെയുള്ള കാര്‍പോര്‍ച്ചിനു മുകളില്‍വീണു പരുക്കേറ്റ് കിടക്കുന്ന നിലയിലാണ് കണ്ടത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആറാം നിലയില്‍ നിന്നു താഴേക്ക് രണ്ടു സാരികള്‍ കൂട്ടിച്ചേര്‍ത്ത് കെട്ടിയിട്ടതു കണ്ടതോടെയാണ് അപകടത്തില്‍ ദുരൂഹത വര്‍ധിച്ചത്.
പത്തടിയിലേറെ ഉയരമുള്ള കാര്‍പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലേക്കാണു വീണത്. എറണാകുളം ക്ലബ് റോഡിലെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തി ഇവരെ ജനറല്‍ ആശുപത്രിയിലേക്കു നീക്കി. പിന്നീട് ലേക്‌ഷോര്‍ ആശുപത്രിയിലേക്കു മാറ്റി. ആറാം നിലയുടെ ബാല്‍ക്കണിയില്‍നിന്നു 2 സാരി കൂട്ടിക്കെട്ടി താഴേക്കിട്ട് ഊര്‍ന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണു കരുതുന്നത്. ജോലിക്കാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നു പൊലീസും പറയുന്നു.
Comments (0)