ഏഴ് പതിറ്റാണ്ടിന് ശേഷം പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ചീറ്റകള്‍ രാജ്യത്തിന്റെ ഭാഗമാകും

ഏഴ് പതിറ്റാണ്ടിന് ശേഷം പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ചീറ്റകള്‍ രാജ്യത്തിന്റെ ഭാഗമാകും

ന്യൂഡല്‍ഹി : വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ രാജ്യത്ത് എത്തിച്ച് സംരക്ഷിക്കുന്നതിന്റെ ഭാഗമായി 25 ചീറ്റകളെ മദ്ധ്യപ്രദേശില്‍ എത്തിക്കും. 8 ചീറ്റകളെയാ്ണ് ആദ്യം എത്തിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമായ സെപ്തംബര്‍ 17-നാണ് ഇവയെ എത്തിക്കുന്നത്. ഘട്ടം ഘട്ടമായി ആകും 25 ചീറ്റകളെ എത്തിക്കുക എന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. പ്രധാനമന്ത്രിയാവും ഇവയെ തുറന്ന് വിടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീറ്റകളുടെ പുനരവതരണത്തിനായി രൂപം കൊടുത്ത 'ആക്ഷന്‍ പ്ലാന്‍ ഫോര്‍ ഇന്‍ട്രൊഡക്ഷന്‍ ഓഫ് ചീറ്റ ഇന്‍ ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമായാണ് ചീറ്റകള്‍ രാജ്യത്തെത്തുന്നത്. ആഫ്രിക്കയിലെ നമീബിയയില്‍ നിന്നാണ് ചീറ്റകളെ മദ്ധ്യപ്രദേശിലെ കുനോ-പല്‍പൂര്‍ നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടു വരുന്നത്. ചീറ്റകളെ സ്വീകരിക്കാനായി പാര്‍ക്കിന്റെ നവീകരണ പ്രവൃത്തികള്‍ എംപി ,മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ക്കൊപ്പം യാദവും വിലയിരുത്തി. പാര്‍ക്കില്‍ പ്രത്യേകം നിര്‍മ്മിച്ച ചുറ്റുമതിലിനുള്ളിലേക്കാവും ചീറ്റകളെ തുറന്ന് വിടുക. തുറന്ന് വിട്ടതിന് പിന്നാലെ കുറച്ച് നാള്‍ ഇവയെ ക്വാറന്റൈന്‍ ചെയ്യിക്കും. മറ്റൊരു ഭൂഖണ്ഡത്തില്‍ നിന്ന് ചീറ്റപ്പുലികളെ രാജ്യത്തെക്ക് കൊണ്ട് വരുന്ന ആദ്യ സംഭവമാണ് ഇത്. ചീറ്റകളെ എത്തിക്കാനായി പാര്‍ക്കിനുള്ളില്‍ രണ്ട് ഹെലിപാഡുകളും പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന അതിഥികള്‍ക്കായി അഞ്ച് ഹെലിപാഡുകളും സജ്ജീകരിച്ചു കഴിഞ്ഞു. പാര്‍ക്കിലെത്തുന്ന ചീറ്റകളെ നിരീക്ഷിക്കാനായി നാല് അത്യാധുനിക ക്യാമറകളാണ് ഒരുക്കിയിരിക്കുന്നത്. നമീബിയ വൈസ് പ്രസിഡന്റ് നാഗോലോ എംബൂബ കേന്ദ്ര പ്രകൃതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രി ഭൂപേന്ദ്രര്‍ യാദവുമായാണ് ജൂണില്‍ ഇതുമായി ബന്ധപ്പെട്ട ധാരണപത്രം ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍,പരസ്പര ബഹുമാനം, പരമാധികാരം, സമത്വം തുടങ്ങിയ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള വന സംരക്ഷണവും ചീറ്റപ്പുലി സംരക്ഷണവും ആണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.