കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഇന്ന് പൂര്‍ത്തിയാകും

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഇന്ന് പൂര്‍ത്തിയാകും

ലഡാക്ക് : കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഇന്ന് പൂര്‍ത്തിയാകും. ഗോഗ്ര ഹോട്സ്പ്രിങ് മേഖലയില്‍ നിന്ന് ആണ് ഇന്ത്യയും ചൈനയും സൈനികരെ പിന്‍വലിയ്ക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ക്കൊടുവിലാണ് നടപടി. 2020ന് മുന്‍പുള്ള സ്ഥാനത്തേയ്ക്ക് പിന്മാറും എന്നാണ് ചൈനീസ് നല്‍കിയിരിക്കുന്ന വാഗ്ദാനം. 2020ല്‍ അതിര്‍ത്തിയില്‍ വിവിധ ഇടങ്ങളില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയതിനെ തുടര്‍ന്നാണ് ഇന്ത്യ പ്രതിരോധ സൈനിക നടപടികള്‍ ശക്തമാക്കിയത്. ഗാല്‍വാന്‍ താഴ് വരയില്‍ ഇരു സൈനികരും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ രക്തരൂക്ഷിതമായത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാന്‍ കാരണമായി. തുടര്‍ന്ന് ബന്ധം മെച്ചപ്പെടുത്തുന്നതിന് നിരവധി തവണയാണ് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടന്നത്. പതിനാറാം തവണ നടന്ന ചര്‍ച്ചയുടെ ധാരണപ്രകാരമാണ് ഗോഗ്ര ഹോട്സ്പ്രിങ് മേഖലയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും നടപടി തുടങ്ങിയത്. ജൂലൈ 17നാണ് ചര്‍ച്ച നടന്നത്.