16 അടി ഉയരമുള്ള പടുകൂറ്റന്‍ ഹനുമാന്‍ വിഗ്രഹം അനാച്ഛാദനം ചെയ്ത് അമിത് ഷാ

16 അടി ഉയരമുള്ള പടുകൂറ്റന്‍ ഹനുമാന്‍ വിഗ്രഹം അനാച്ഛാദനം ചെയ്ത് അമിത് ഷാ

അഹമ്മദാബാദ് : ഗുജറാത്ത് സോമനാഥില്‍ പുതുതായി നിര്‍മ്മിച്ച 16 അടി ഉയരമുള്ള പടുകൂറ്റന്‍ ഹനുമാന്‍ വിഗ്രഹം അനാച്ഛാദനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗംഗാ ജലം ശുദ്ധീകരിക്കുന്ന സോമഗംഗാ ഡിസ്ട്രിബ്യൂഷന്‍ ഫെസിലിറ്റിയുടെ ഉദ്ഘാടനവും അമിത് ഷാ നിര്‍വ്വഹിച്ചു. വൈകിട്ടോടെ സോമനാഥില്‍ എത്തിയ അദ്ദേഹം സോമനാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും പൂജയും നടത്തിയ ശേഷമായിരുന്നു അദ്ദേഹം ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്തത്. സോമഗംഗാ ഡിസ്ട്രിബ്യൂഷന്‍ ഫെസിലിറ്റിയുടെ ഉദ്ഘാടനത്തിന് പുറമേ സോമനാഥ് ക്ഷേത്ര ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗിനായി ആരംഭിച്ച വെബ് പോര്‍ട്ടലും അമിത് ഷാ ഉദ്ഘാടനം ചെയ്തു. മാരുതി ഹട്ടില്‍ പുതുതായി ആരംഭിക്കുന്ന 202 കടകളും അദ്ദേഹം ഭക്തര്‍ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഭഗവാന്‍ ശിവന് അഭിഷേകം ചെയ്യുന്ന ഗംഗാ ജലം ശുദ്ധിയാക്കുന്നതിന് വേണ്ടിയാണ് സോമഗംഗാ ഡിസ്ട്രിബ്യൂഷന്‍ ഫെസിലിറ്റി നിര്‍മ്മിച്ചിരിക്കുന്നത്. ഇങ്ങനെ ശുദ്ധീകരിച്ച വെള്ളം കുപ്പികളിലാക്കി ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യും. പുതുതായി ആരംഭിച്ച വെബ് പോര്‍ട്ടല്‍ വഴി ഭക്തര്‍ക്ക് വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിന് പുറമേ സംഭാവനകള്‍ നല്‍കാനും, ഓണ്‍ലൈന്‍ ദര്‍ശനത്തിനും അവസരമുണ്ട്. കൂടാതെ ദൂരെ നിന്നെത്തുന്ന ഭക്തര്‍ക്ക് തങ്ങുന്നതിനായി മുറികള്‍ ബുക്ക് ചെയ്യാനും ഇതുവഴി സാധിക്കും.