അരുണാചലില്‍ ആകാശ വഴി ആരോഗ്യം

അരുണാചലില്‍ ആകാശ വഴി ആരോഗ്യം

ഇറ്റാനഗര്‍: 'ആകാശത്ത് നിന്ന് മരുന്ന്' എത്തിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് അരുണാചല്‍ പ്രദേശ്. ഡ്രോണ്‍ സര്‍വീസ് വഴിയാണ് പദ്ധതി നടപ്പാക്കുക. കിഴക്കന്‍ കാമെങ് ജില്ലയിലെ സെപ്പയില്‍ നിന്ന് ചയാങ് താജോയിലേക്ക് ഡ്രോണ്‍ സര്‍വീസിന്റെ ആദ്യ വിമാനമായ 'മെഡിസിന്‍ ഫ്രം ദി സ്‌കൈ' പറന്നുയര്‍ന്നു. വിജയകരമായി തുടക്കം കുറിച്ച പുതിയ പദ്ധതി ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ ഏറെ പ്രയോജനകരമാകുമെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു ട്വിറ്ററില്‍ കുറിച്ചു. 'ഇന്ത്യയെ ലോക ഡ്രോണ്‍ ഹബ്ബാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ അരുണാചല്‍ പ്രദേശില്‍ ഒരു പൈലറ്റ് പ്രോജക്ട് ആരംഭിച്ചിരിക്കുകയാണ്. ആരോഗ്യ സംരക്ഷണം, കൃഷി, ദുരന്ത നിവാരണം എന്നീ മേഖലകളില്‍ ഡ്രോണുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ലോക സാമ്പത്തിക ഫോറവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാകുന്നത്'; മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ 76-മത് സ്വാതന്ത്ര്യ ദിനത്തില്‍ പദ്ധതി അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് റെഡ്വിംഗ് ലാബ്‌സ് മേല്‍നോട്ടം വഹിക്കുന്ന പദ്ധതിക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി) ആണ് സാമ്പത്തിക സഹായം നല്‍കുന്നത്. 2030-ഓടെ ഇന്ത്യയെ ആഗോള ഡ്രോണ്‍ ഹബ്ബാക്കി മാറ്റുന്നതിന് ഡ്രോണ്‍ സാങ്കേതികവിദ്യ സ്വീകരിക്കുന്ന കൂടുതല്‍ വ്യവസായങ്ങള്‍ ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഡ്രോണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചാകും ഈ നേട്ടം സാധ്യമാവുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡ്രോണുകളുടെ ഉപയോഗത്തെ കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അറിയാനും അവ പ്രയോജനപ്പെടുത്താനും ഡ്രോണ്‍ ശക്തി, കിസാന്‍ ഡ്രോണുകള്‍ തുടങ്ങിയ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും മന്ത്രി അറിയിച്ചിരുന്നു.