പത്തനാപുരത്ത് വണ്‍വേ സംവിധാനം നോക്കുകുത്തി
പത്തനാപുരം: നഗരത്തില്‍ ഗതാഗതക്കുരുക്ക് വര്‍ധിച്ചിട്ടും വണ്‍വേ സംവിധാനം ഉപയോഗപ്രദമാക്കാതെ പത്തനാപുരം പഞ്ചായത്ത്. മിക്കപ്പോഴും രാവിലെ ആരംഭിക്കുന്ന ഗതാഗത സ്തംഭനം വൈകുന്നേരം വരെ നീളും. വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസിന്റെ കൂടുതല്‍ സേവനം ഇല്ലാത്തതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ വണ്‍വേ സംവിധാനത്തിന് മാസങ്ങള്‍ മാത്രമായിരുന്നു ആയുസ്സ്. കെ.പി. റോഡില്‍ നിന്നും പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ എത്തുന്ന വാഹനങ്ങള്‍ പത്തനാപുരം നഗരത്തില്‍ പ്രവേശിക്കാതെ ജനതാ ജംഗ്ഷനില്‍ നിന്നും നെടുംപറമ്ബിലെത്താനുള്ള തരത്തിലാണ് വണ്‍വേ നിര്‍മ്മിച്ചിട്ടുള്ളത്. ഗതാഗതക്കുരുക്കില്‍ ബുദ്ധിമുട്ടിയിരുന്ന നഗരത്തിന് ഏറെ ആശ്വാസമായിരുന്നു വണ്‍വേ.
ഏറെക്കാലത്തെ ആവശ്യങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവിലാണ് വണ്‍വേ സംവിധാനം നിലവില്‍ വന്നത്. എന്നാല്‍ പിന്നീട് ഇതും നിലയ്ക്കുകയായിരുന്നു. നിലവില്‍ തിരക്കേറിയ സമയങ്ങളില്‍ കല്ലുംകടവ് മുതല്‍ പളളിമുക്ക് വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരം കടക്കാന്‍ മണിക്കൂറുകളാണ് വേണ്ടി വരുന്നത്. വണ്‍വേ സംവിധാനം നടപ്പാക്കാന്‍ പഞ്ചായത്ത്, പോലീസ് അധികാരികളുടെ ഭാഗത്ത് നിന്ന് കര്‍ശന നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Comments (0)