പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി പിണറായി ലൈഫ് മിഷനെന്നാക്കി; വീട് കിട്ടിയവർക്ക് ഇതറിയാം ശോഭാ സുരേന്ദ്രൻ

പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി പിണറായി ലൈഫ് മിഷനെന്നാക്കി; വീട് കിട്ടിയവർക്ക് ഇതറിയാം ശോഭാ സുരേന്ദ്രൻ

പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി മുഖ്യമന്ത്രി പിണറായി വിജയൻ ലൈഫ് മിഷൻ എന്ന പേരിൽ അവതരിപ്പിക്കുകയായിരുന്നു എന്ന ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. വീടുകൾ ലഭിച്ചവർക്ക് ഇക്കാര്യം അറിയാമെന്നും അവർ പറഞ്ഞു . വിജയ യാത്രയുടെ പാലക്കാട്ടെ വേദിയിൽ വച്ചാണ് ശോഭാ സുരേന്ദ്രൻ ഈ ആരോപണം ഉയർത്തിയത്. മുസ്ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള തന്റെ നിലപാട് ശോഭ ഇവിടെയും ആവർത്തിച്ചു.സുരക്ഷിത ബോധത്തോടെ ഏവർക്കും കയറിക്കിടക്കാൻ ഭവനം എന്ന ആശയത്തിലൂന്നിയാണ് പ്രധാനമന്ത്രി പദ്ധതി വിഭാവനം ചെയ്‌തത്‌.

ഇന്ത്യയുടെ കാവൽക്കാരനായ പ്രധാനമന്ത്രി പദ്ധതിയിൽ നിന്നും പത്ത് പൈസ പോലും എടുക്കാൻ ആരെയും അനുവദിക്കില്ല. ബിജെപി നേതാവ് പറയുന്നു. തന്റെ പ്രസംഗത്തിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും ശോഭാ സുരേന്ദ്രൻ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു.മുങ്ങിച്ചാകാന്‍ കടലിലിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ ലൈഫ് ബോട്ടുമായി വന്ന് സീതാറാം യെച്ചൂരി രക്ഷിക്കില്ലെന്ന് കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് പറയാനാകുമോ. ചെറുപ്പമാണെങ്കിലും രാഹുല്‍ ഗാന്ധി തന്നെയാണ് മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ കാരണവര്‍. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം വിജയരാഘവനാണ്. വിജയരാഘവന്റെ നാവിന്റെ ഗുണം കൊണ്ടാണ് ആലത്തൂർ അടക്കമുള്ളയിടങ്ങളിൽ കോൺഗ്രസിന് ജയിക്കാൻ സാധിക്കാത്തതെന്നും അവർ വിമർശിച്ചു.

2022 ഓടെ എല്ലാവർക്കും വീട് എന്നത് മോദി അധികാരത്തിൽ ഏറിയപ്പോൾ തന്നെ പറഞ്ഞിട്ടുള്ളതും അതിനു വേണ്ടി ഉള്ള പദ്ധതിയുമാണ് പ്രധാനമന്ത്രി ആവാസ് യോജന.