'വനിതാ ഇടനാഴി' വഴി ഒന്നേമുക്കാൽ കോടി മുങ്ങി ; പിന്നാലെ ഫയലും....

'വനിതാ ഇടനാഴി' വഴി ഒന്നേമുക്കാൽ കോടി മുങ്ങി ;   പിന്നാലെ ഫയലും....

തിരുവനന്തപുരം: വഴുതക്കാട് വനിതാ കോളേജിനു മുൻവശത്തെ വിവാദ വനിതാ സൗഹൃദ ഇടനാഴിയുടെ നിർമ്മാണം സംബന്ധിച്ച ഫയൽ കോർപറേഷനിൽ നിന്ന് അപ്രത്യക്ഷമായി. കാൽ കോടി പോലും ചെലവാക്കാത്ത നിർമ്മാണത്തിന് രണ്ടുകോടിയോളം രൂപ കരാറുകാർ  കൈപ്പറ്റി എന്ന ആക്ഷേപം കത്തി നിൽക്കുമ്പോഴാണ് എൻജിനീയറിങ് വിഭാഗത്തിൽനിന്ന് ഫയൽ കാണാതായത്. തെരഞ്ഞെടുപ്പിൽ വഴുതക്കാട് വാർഡിൽ പ്രധാന ചർച്ചാവിഷയമായിരുന്നു ഈ പകൽ കൊള്ള അഴിമതിക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിമൻസ് കോളേജിനു മുൻപിൽ സമരവും നടത്തിയിരുന്നു.ഇന്നലെ ഉന്നതങ്ങളിൽ നിന്ന് ഫയൽ അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് അറിഞ്ഞത്.ബേക്കറി ജംഗ്ഷനിൽ നിന്ന് തുടങ്ങി വിമൻസ് കോളേജ് വരെയും കോട്ടൺഹിൽ സ്കൂളിന് മുൻവശത്തുംവനിതകൾക്കും വിദ്യാർഥികൾക്കും സുരക്ഷിതയാത്ര ഒരുക്കാനുള്ളതായിരുന്നു 90,52 ലക്ഷം രൂപയുടെ ആദ്യ പദ്ധതി. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ ഫുട്പാത്തിൽ നിലവാരമുള്ള ലൈറ്റുകൾ പാകൽ, ഹാൻഡ് റെയിൽ സ്ഥാപിക്കൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  വകയിരുത്തിയ തുക ആദ്യം തയ്യാറാക്കിയ എസ്റ്റമേറ്റിനേക്കാൾ കൂടുതൽ ആണെന്ന് മനസ്സിലാക്കിയ കരാറുകാർ നിർമ്മാണസാമഗ്രികളുടെ നിലവാരം കാണിച്ചു റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി ആണ് തട്ടിപ്പ് നടത്തിയത്.ഗാൽവനൈസ്ഡ് അയൺ പൈപ്പ് ഉപയോഗിച്ച് ഹാൻഡ് റെയിലുകൾ സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും തുക കൂട്ടി കാണിക്കാനായി സ്റ്റെയിൻലെസ് സ്റ്റീൽ ആക്കി. മേൽക്കൂര നിർമാണത്തിന് പോളി കാർബൺ സീറ്റുകളുമാക്കി  അതേസമയം ഇത്തരം നിർമ്മാണങ്ങൾ ഒന്നും നടത്തിയും ഇല്ല.എന്നിട്ടും എസ്റ്റിമേറ്റ് തുക കൂട്ടുവാൻ കരാറുകാരൻ പുതിയ ഒരു ആശയം കൊണ്ടുവന്നു ചരിത്രത്തിൽ ഇടം നേടിയ വനിതകളുടെ ഫോട്ടോ മതിലിൽ പതിപ്പിക്കുവാൻ ഉപകരാർ  തയ്യാറാക്കി.  അടങ്കൽ രണ്ടു കോടിയാക്കി. നിർമാണം പൂർത്തിയാക്കി കരാറുകാർ ബില്ല് മാറിയപ്പോഴാണ് അഴിമതിയുടെ ആഴം വ്യക്തമായത്. പരമാവധി 500 മീറ്റർ നീളത്തിൽ മാത്രമേ പോളി കാർബൺ ഉപയോഗിച്ച് മേൽക്കൂര സ്ഥാപിച്ചിട്ടുള്ളൂ  എന്ന് കണ്ടെത്തി. പൊതുമരാമത്ത് വകുപ്പ് നിർമിച്ച നടപ്പാതയും ഹാൻഡ് റെയിലും അതേപടി നില നിർത്തിയ ശേഷം അവ പുതുതായി സ്ഥാപിച്ച ആണെന്ന് ബില്ലുണ്ടാക്കി   കരാറുകാരൻ കോടികൾ കൊള്ളയടിച്ചു.കോട്ടൻ ഹിൽ സ്കൂളിന് മുൻവശം കരാർ പ്രകാരമുള്ള ഒരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട് ഫോട്ടോ പതിക്കൽ ഉൾപ്പെടെ പല ഉപകരാറായി ഉൾപ്പെടുത്തിയ പല നിർമ്മാണ പ്രവർത്തനങ്ങൾക്കും ടെൻഡർ വിളിച്ചിരുന്നില്ല.90 ലക്ഷത്തിന്റെ മതിപ്പ് തോന്നിക്കാൻ കരാറുകാരൻ പറഞ്ഞ പണികൾ ഭരണസമിതി അതെപടി  അംഗീകരിക്കുകയായിരുന്നു. വിവാദമായ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ആരാഞ്ഞു വിവരാവകാശ അപേക്ഷകൾ ലഭിച്ചു. തുടങ്ങിയതോടെ മുൻ ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും അപകടം മണത്തു.