പ്ലസ്‌ ടു കോഴ: കെ.എം. ഷാജിയെ വിജിലന്‍സ്‌ ചോദ്യംചെയ്‌തു

പ്ലസ്‌ ടു കോഴ: കെ.എം. ഷാജിയെ വിജിലന്‍സ്‌ ചോദ്യംചെയ്‌തു

കണ്ണൂര്‍: അഴീക്കോട്‌ സ്‌കൂള്‍ അഴിമതിക്കേസില്‍ മുസ്ലിം ലീഗ്‌ നേതാവ്‌ കെ.എം. ഷാജി എം.എല്‍.എയെ വിജിലന്‍സ്‌ ചോദ്യംചെയ്‌തു. കണ്ണൂര്‍ വിജിലന്‍സ്‌ ഓഫീസില്‍ ഡിവൈ.എസ്‌.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍ . ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നുമണിയോടെയാണ്‌ ഷാജിയെത്തിയത്‌. കേസുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടിക്രമം മാത്രമാണിതെന്നും അറസ്‌റ്റ്‌ ഭയമില്ലെന്നും ഷാജി മാധ്യമങ്ങളോടു പ്രതികരിച്ചു.
അഴീക്കോട്‌ ഹൈസ്‌കൂളിനു പ്ലസ്‌ടു കോഴ്‌സ്‌ അനുവദിച്ചതിന്റെ പേരില്‍ കെ.എം.ഷാജി സ്‌കൂള്‍ മാനേജ്‌മെന്റില്‍നിന്ന്‌ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ്‌ കേസ്‌. അഴിമതി നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ്‌ കേസ്‌. കഴിഞ്ഞ യു.ഡി.എഫ്‌. ഭരണകാലത്ത്‌ 2014ലാണ്‌ കേസിനാസ്‌പദമായ സംഭവം.
കേസില്‍ 17 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഏറ്റവും ഒടുവിലായാണ്‌ കെ.എം. ഷാജിയെ വിളിപ്പിച്ചത്‌. ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന്‌ അഴീക്കോട്‌ സ്‌കൂള്‍ മാനേജ്‌മെന്റ്‌ വ്യക്‌തമാക്കിയതായി വിജിലന്‍സ്‌ പറയുന്നു.
2013ല്‍ പ്ലസ്‌ടു കോഴ്‌സ്‌ അനുവദിക്കാനാവശ്യപ്പെട്ട്‌ മാനേജ്‌മെന്റ്‌ വിദ്യാഭ്യാസമന്ത്രിയുടെ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തെ സമീപിച്ചു. സ്‌കൂളിലെ ഒരു തസ്‌തികയ്‌ക്ക്‌ വാങ്ങുന്ന പണത്തിന്‌ തുല്യമായ തുക അഴീക്കോട്‌ പൂതപ്പാറയില്‍ ലീഗ്‌ ഓഫീസ്‌ കെട്ടിടം നിര്‍മിക്കാനായി തരണമെന്ന്‌ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. 2014-ല്‍ പ്ലസ്‌ടു കോഴ്‌സ്‌ അനുവദിച്ചപ്പോള്‍ വാഗ്‌ദാനംചെയ്‌ത തുകയ്‌ക്ക്‌ പ്രാദേശികനേതൃത്വം ആവശ്യപ്പെട്ടപ്പെട്ടെങ്കിലും ഷാജി പിന്തിരിപ്പിച്ചു. പിന്നീടാണ്‌ ഷാജി 25 ലക്ഷം രൂപ നേരിട്ടുവാങ്ങിയെന്ന്‌ അറിഞ്ഞതെന്നു ചൂണ്ടിക്കാട്ടി യൂത്ത്‌ ലീഗ്‌ നേതാവായ നൗഷാദ്‌ പൂതപ്പാറ ലീഗ്‌ നേതൃതത്തിന്‌ അയച്ച പരാതിയാണ്‌ കേസിലേക്കു നയിച്ചത്‌. പരാതി ചോര്‍ന്നുകിട്ടിയ സി.പി.എം. നേതൃത്വം വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
സ്‌കൂളിലെ വരവ്‌ ചെലവ്‌ കണക്കുകള്‍ പരിശോധിച്ചതില്‍നിന്നും സാക്ഷിമൊഴികളില്‍നിന്നും ഷാജി കോഴവാങ്ങിയതിന്‌ തെളിവുണ്ടെന്നും എഫ്‌.ഐ.ആറില്‍ പറയുന്നു.