ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തിദിവസം ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി കെ.സി.ബി.സി.

ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തിദിവസം ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി കെ.സി.ബി.സി.

കൊച്ചി : ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തിദിവസം ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി കെ.സി.ബി.സി. ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെസിബിസി അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയായതിനാല്‍ ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെ.സി.ബി.സി അറിയിച്ചു. ഒക്ടോബര്‍ രണ്ടിലെ ലഹരി വിരുദ്ധ പരിപാടികള്‍ മറ്റൊരു ദിവസം നടത്തണമെന്നാണ് കെ.സി.ബി.സി. ആവശ്യം. ഞായറാഴ്ചയായതിനാല്‍ ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കണമെന്നും രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലുമാണ് അവധിയെന്ന് കെ.സി.ബി.സി അറിയിച്ചു. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മറ്റൊരു ദിവസം ആചരിക്കുമെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. നേരത്തെ ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തി ദിവസം ആക്കാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവര്‍ വിശുദ്ധമായി കണക്കാക്കുന്ന ഞായറാഴ്ച പ്രവൃത്തിദിവസമാക്കാനുള്ള പ്രവണത കൂടിവരുന്നുവെന്നും ഇത് മതസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്നുമായിരുന്നു ആക്ഷേപം.