ഇന്ത്യക്ക് നന്ദി പറഞ്ഞ് കനേഡിയൻ ഗവൺമെൻറ്
ഒട്ടാവ: ഇന്ത്യയിൽ നിന്ന് അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്സിൻ കാനഡയിലെത്തി. വാക്സിൻ എത്തിയതിന് പിന്നാലെ ഇന്ത്യക്ക് നന്ദി പറഞ്ഞ് കാനഡ രംഗത്തെത്തുകയും ചെയ്തു. അസ്ട്രാ സെനക കൊവിഡ് വാക്സിന് രാജ്യം അനുമതി നൽകിയതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്ന് അഞ്ച് ലക്ഷം ഡോസ് വാക്സിൻ ഒട്ടാവയിലെത്തിയത്.
ഇന്ത്യൻ വാക്‌സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് വാക്‌സിൻ കയറ്റി അയച്ചത്. തുടർന്നും ഇന്ത്യയുടെ സഹകരണം പ്രതീക്ഷിക്കുന്നതായി കനേഡിയൻ മന്ത്രി അനിത ആനന്ദ് പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. അസ്ട്രാ സെനക കൊവിഷീൽഡ് വാക്സിൻ കാനഡയിലെത്തിയതായും ആദ്യ ബാച്ചിൽ 5 ലക്ഷം ഡോസുകളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു .
ഇനി 1.5 മില്യൺ ഡോസ് വാക്സിൻ കൂടി ഇന്ത്യയിൽ നിന്നും കാനഡയിൽ എത്താനുണ്ട്. ഈ ആഴ്ചയോടെ 944,600 ഡോസ് കൊവിഡ് വാക്സിൻ രാജ്യത്തെത്തുമെന്ന് അനിത ആനന്ദ് നേരത്തെ പറഞ്ഞിരുന്നു. 444,600 ഡോസ് ഫൈസർ വാക്സിനും 500,000 അസ്ട്രാസെനക വാക്സിനുമാണ് ഇത്.
ഒരു മാസം മുന്നേ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. അന്ന് കാനഡയുടെ കൊവിഡ് വാക്സിനേഷന് ഇന്ത്യയുടെ എല്ലാ പിന്തുണകളും മോദി ട്രൂഡോയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു.



Author Coverstory


Comments (0)