മുഖ്യമന്ത്രിയുടെ ശബരിമല വിമാനത്താവള സ്വപ്നം നടക്കാനിടയില്ല ; കെപി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് കണ്ടുകെട്ടി

മുഖ്യമന്ത്രിയുടെ ശബരിമല വിമാനത്താവള സ്വപ്നം നടക്കാനിടയില്ല ; കെപി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് കണ്ടുകെട്ടി

കൊച്ചി: കെ പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുളള ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവളളി എസ്‌റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി.വിദേശപണമിടപാട് നിയമലംഘനത്തിന്റെ പേരിലാണ് ആദായ നികുതി വകുപ്പ് നടപടി.അഞ്ഞൂറുകോടി രൂപയോളം നികുതി വരുമെന്നതിനാല്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ആസ്തിവകകള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നത്. നികുതികുടിശിക അടച്ചില്ലങ്കില്‍ ചെറുവളളി എസ്‌റ്റേറ്റ് കേന്ദ്രസര്‍ക്കാരിന്റെ കയ്യിലാകുന്നതോടെ വിമാനത്താവള പദ്ധതിയും അവതാളത്തിലാകും.

ആറായിരം കോടി അനധികൃത വിദേശ സഹായം കൈപ്പറ്റിയ സംഭവത്തില്‍ മൊഴിയെടുപ്പിന് ഹാജരാകാന്‍ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നാലെ രക്ഷപ്പെടാന്‍ തന്ത്രങ്ങളുമായി ബിലീവേഴ്സ് ചര്‍ച്ച് ബിഷപ്പ് കെ.പി. യോഹന്നാന്‍ നീക്കം തുടങ്ങിയിരുന്നു. യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഡിസംബര്‍ ആദ്യവാരത്തോടെ മൊഴിയെടുപ്പിന് എത്താമെന്നും കാട്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്‌സിന് നോട്ടീസ് അയച്ചിരുന്നു.

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പല സ്ഥാപനങ്ങളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള രേഖകളും കണ്ടെത്തിയിരുന്നു. കെ.പി. യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചാരിറ്റി സ്ഥാപനങ്ങളുടെ മറവില്‍ വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.