ഡോളര്‍ കടത്ത്‌ : സ്‌പീക്കറുടെ അഡീ. പ്രൈവറ്റ്‌ സെക്രട്ടറിയെ കസ്‌റ്റംസ്‌ ചോദ്യംചെയ്യും

ഡോളര്‍ കടത്ത്‌ : സ്‌പീക്കറുടെ അഡീ. പ്രൈവറ്റ്‌ സെക്രട്ടറിയെ കസ്‌റ്റംസ്‌ ചോദ്യംചെയ്യും

കൊച്ചി: വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട്‌ നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി കെ. അയ്യപ്പനെ കസ്‌റ്റംസ്‌ ചോദ്യംചെയ്യും. ഇന്നു 11-നു കസ്‌റ്റംസ്‌ ഓഫീസില്‍ ഹാജരാകാനാണു നിറമദശം.
ഡോളര്‍ അടങ്ങിയ ബാഗ്‌ തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റ്‌ ഓഫീസിലെത്തിക്കാന്‍ സ്‌പീക്കര്‍ ആവശ്യപ്പെട്ടെന്നു കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരും സ്വര്‍ണക്കടത്ത്‌ കേസിലെ പ്രതികളുമായ സ്വപ്‌ന സുരേഷും പി.എസ്‌. സരിത്തും കസ്‌റ്റംസിനു മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ ചോദ്യംചെയ്യലിനു ഹാജരാകാന്‍ കെ. അയ്യപ്പനോടു നിര്‍ദേശിച്ചത്‌. അടുത്തയാഴ്‌ച നോട്ടീസ്‌ നല്‍കി സ്‌പീക്കറെ കൊച്ചിയില്‍ വിളിച്ചുവരുത്താനാണു കസ്‌റ്റംസ്‌ നീക്കം.

സ്വപ്‌നയും സരിത്തും കസ്‌റ്റംസിനു നല്‍കിയ മൊഴിയില്‍ സ്‌പീക്കര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേര്‌ വെളിപ്പെടുത്തിയിരുന്നു. ഇതേ മൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ ആവര്‍ത്തിച്ചതോടെയാണ്‌ നോട്ടീസ്‌ നല്‍കി വിളിച്ചുവരുത്താന്‍ കസ്‌റ്റംസ്‌ തീരുമാനിച്ചതെന്നാണു സൂചന.