കോൺഗ്രസിന് യൂത്തിന്റെ താക്കീത്
പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള സീറ്റ് 10 ശതമാനത്തില്‍ ഒതുക്കണമെന്നു യൂത്ത് കോണ്‍ഗ്രസ്. 60 വയസ് കഴിഞ്ഞവരെ അനിവാര്യമെങ്കില്‍ മാത്രം പരിഗണിച്ചാല്‍ മതി. സ്‌ഥിരം നാടകക്കളരിയിലെ അഭിനേതാക്കളെത്തന്നെയാണു പരീക്ഷിക്കുന്നതെങ്കില്‍ സ്വന്തം സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തില്‍ മുന്നറിയിപ്പു നല്‍കി.
മലമ്ബുഴയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന നിര്‍വാഹകസമിതി ക്യാമ്ബില്‍ സംസ്‌ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി അവതരിപ്പിച്ച സംഘടനാപ്രമേയത്തിലാണു മാതൃസംഘടനാ നേതൃത്വത്തിനുള്ള ശക്‌തമായ താക്കീത്. അനിവാര്യരായ പ്രധാനനേതാക്കള്‍ ഒഴികെ, നാലുതവണ തുടര്‍ച്ചയായി മത്സരിക്കുന്ന നേതാക്കളെ മാറ്റണം.
സ്‌ഥിരം തോല്‍വിക്കാര്‍ക്ക് അവസരം നല്‍കരുത്. 50 വയസ് കഴിഞ്ഞ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരെ മാറ്റണം. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയകാരണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തികഞ്ഞ അനാസ്‌ഥയാണ്. ജാതിസംവരണത്തില്‍ സ്‌ഥാനാര്‍ഥികളെ തീരുമാനിക്കുമ്ബോള്‍ അതു സമുദായനേതാക്കള്‍ നിര്‍ദേശിക്കുന്നവരാകരുത്. ഏത് സമുദായപിന്തുണയുണ്ടെങ്കിലും അധികാരം അകലെയാണ്.
സംവരണ സീറ്റുകള്‍ക്കു പുറമേ ജനറല്‍ സീറ്റിലും അനിവാര്യരായ പട്ടികജാതിക്കാരുണ്ടെങ്കില്‍ പരിഗണിക്കണം. സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ തല്‍സ്‌ഥിതി സംവിധാനം മാറ്റണം. ഉന്നത പാര്‍ട്ടി ഭാരവാഹിത്വമല്ല, ജനകീയതയാവണം മാനദണ്ഡം. പ്രവര്‍ത്തനമികവുള്ള രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരെയെങ്കിലും സ്‌ഥാനാര്‍ഥികളാക്കണം. ജയസാധ്യതയുള്ള ഡി.സി.സി. ഭാരവാഹികളെയും പരിഗണിക്കണം.
സിറ്റിങ് സീറ്റുകളില്‍ പരാജയപ്പെട്ടവരെ മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം. തുടര്‍ച്ചയായി പരാജയപ്പെടുന്ന സീറ്റുകള്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യുകാര്‍ക്ക് സംവരണം ചെയ്യണം. വനിതകള്‍ക്കു ജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
Comments (0)