സംസ്‌കൃത സര്‍വ്വകലാശാലയില്‍ ചുമര്‍ചിത്രകലാ പൈതൃക സംരക്ഷണകേന്ദ്രം ആരംഭിക്കുന്നു; സെക്ഷന്‍ 8 കമ്പനി സ്ഥാപിക്കും

സംസ്‌കൃത സര്‍വ്വകലാശാലയില്‍ ചുമര്‍ചിത്രകലാ പൈതൃക സംരക്ഷണകേന്ദ്രം ആരംഭിക്കുന്നു; സെക്ഷന്‍ 8 കമ്പനി സ്ഥാപിക്കും

കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ ചുമര്‍ചിത്രകലാ പൈതൃക സംരക്ഷണകേന്ദ്രം (SSUS Centre for Preservation and Promotion of Mural Arts & Cultural Heritage - SSUS C-MACH) ആരംഭിക്കുന്നു. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസില്‍ തുടങ്ങുന്ന കേന്ദ്രം, ഫൈന്‍ ആര്‍ട്‌സ് കണ്‍സോര്‍ഷ്യത്തിന് കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. ചുമര്‍ചിത്രകലയുടെ പരിപോഷണം, വ്യാപനം, സംരക്ഷണം എന്നിവ ലക്ഷ്യമാക്കി ആരംഭിക്കുന്ന ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ചുമര്‍ചിത്രകലാ പൈതൃക സംരക്ഷണകേന്ദ്രത്തിലൂടെ ചുമര്‍ചിത്രകലയിലും അനുബന്ധ കലാവിഷയങ്ങളിലും സര്‍വ്വകലാശാലയില്‍ നടക്കുന്ന പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന് പ്രാപ്യമാക്കുവാന്‍ സര്‍വ്വകലാശാല ഉദ്ദേശിക്കുന്നു. ക്ഷേത്രങ്ങള്‍, പളളികള്‍, മ്യൂസിയങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി ചുമര്‍ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്ന പദ്ധതികള്‍ ഏറ്റെടുക്കുന്നതുള്‍പ്പെടെ നിലവിലുളള ഇത്തരം ചുമര്‍ചിത്രങ്ങളും കലാരൂപങ്ങളും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുളള പദ്ധതികള്‍ തയ്യാറാക്കുന്നതിനുളള നിര്‍വ്വഹണം, നിര്‍വ്വഹണ മേല്‍നോട്ടം എന്നിവ ഈ കേന്ദ്രത്തിലൂടെ സര്‍വ്വകലാശാല ഏറ്റെടുക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം. വി. നാരായണന്‍ പറഞ്ഞു. ചുമര്‍ചിത്ര ആലേഖനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍വ്വകലാശാല കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് നല്‍കും. ഇന്ത്യയ്ക്കകത്തും പുറത്തും ചുമര്‍ചിത്രകലയുടെ വ്യാപനത്തിനായി ഇത്തരത്തിലുളള പദ്ധതികള്‍ ആവിഷ്‌കരിക്കുവാനും നിര്‍വ്വഹിക്കുവാനും ഈ കേന്ദ്രത്തിലൂടെ സര്‍വ്വകലാശാലയ്ക്ക് കഴിയും. കേരളത്തിലെ പൗരാണിക ചുമര്‍ചിത്രങ്ങളുടെ വിവരശേഖരണം നടത്തി പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുവാനും സര്‍വ്വകലാശാല ഈ കേന്ദ്രത്തിലൂടെ ഉദ്ദേശിക്കുന്നുണ്ട്. വിവിധ കണ്‍സള്‍ട്ടന്‍സി ആവശ്യങ്ങള്‍ക്കായി സര്‍വ്വകലാശാലയില്‍ സെക്ഷന്‍ 8 കമ്പനി ആരംഭിക്കും. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ചുമര്‍ചിത്രകലാ പൈതൃക സംരക്ഷണകേന്ദ്രം ഈ സെക്ഷന്‍ 8 കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും, ഡോ. എം. വി. നാരായണന്‍ പറഞ്ഞു.ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ചുമര്‍ചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി സര്‍വ്വകലാശാലയിലെ ചുമര്‍ചിത്രകലാ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സാജു. ടി. എസിനെ നിയമിച്ചു. കേന്ദ്രത്തിന്റെ നടത്തിപ്പിനായി ഡയറക്ടര്‍ കണ്‍വീനറായി ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഡയറക്ടര്‍ ഡോ. ടി. മിനി, നാടക വിഭാഗം അധ്യാപിക ഉഷ പി. കെ., ഫിനാന്‍സ് ഓഫീസര്‍ സുനില്‍കുമാര്‍ എസ്., ജോയിന്റ് രജിസ്ട്രാര്‍ സുഖേഷ് കെ. ദിവാകര്‍, സോഷ്യോളജി വിഭാഗം അധ്യാപിക ഡോ. ശീതള്‍ എസ്. കുമാര്‍, മലയാള വിഭാഗം അധ്യാപിക ഡോ. നിനിത ആര്‍. എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍.