മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു

 മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു. ജയ്പൂര്‍ സമ്മേളനത്തില്‍ എടുത്ത ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം പാലിച്ചു കൊണ്ടാണ് രാജി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെയാണ് രാജി നല്‍കിയത്.മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജിവച്ച സാഹചര്യത്തില്‍ പകരം പി ചിദംബരം, ദിഗ്വിജയ് സിങ്, മുകുള്‍ വാസ്നിക് എന്നിവരില്‍ ഒരാളെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പരിഗണിച്ചേക്കും. അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന് നടക്കും. വൈകിട്ടോടെ പരിശോധന പൂര്‍ത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകള്‍ ഏതെന്ന് വ്യക്തമാക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍ , കെ എന്‍ ത്രിപാഠി എന്നിവരാണ് നിലവില്‍ പത്രിക നല്‍കിയത്. ഖാര്‍ഗെ പതിനാലും തരൂര്‍ അഞ്ചും പത്രികകളാണ് സമര്‍പ്പിച്ചത്. നെഹ്റു കുടുംബത്തിന്റേയും ഹൈക്കമാന്‍ഡിന്റേയും പിന്തുണയോടെ മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗേയ്ക്ക് വിമത വിഭാഗമായി ജി23യുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്.