ചാരായം വ്യാവസായിക അടിസ്ഥാനത്തിൽ വാറ്റൽ; 2 പേർ പിടിയിൽ

ചാരായം വ്യാവസായിക അടിസ്ഥാനത്തിൽ വാറ്റൽ; 2 പേർ പിടിയിൽ

അജിതാ ജയ്ഷോർ  

സ്‌പെഷൽ കറസ്‌പോണ്ടന്റ്‌, കവർ സ്റ്റോറി   

Mob:9495775311 



ചാരായം വ്യാവസായിക അടിസ്ഥാനത്തിൽ വാറ്റിയെടുത്ത് മൊത്ത വിതരണം നടത്തുന്ന സംഘത്തെ 40 ലിറ്റർ ചാരായം 300 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ, സ്‌കൂട്ടർ, 2 പ്രതികൾ എന്നിവ സഹിതം  തൃശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. തൃശൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ വി. എ. സലീമിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയോളം എക്‌സൈസ് നിരീക്ഷണത്തിലായിരുന്ന സംഘത്തെ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി. ജിജു ജോസിന്റെ നിർദ്ദേശ പ്രകാരം പ്രിവന്റീവ് ഓഫീസർ സി. എ. സുരേഷും പാർട്ടിയുമാണ് വടക്കാഞ്ചേരി പുതുരുത്തിയിൽ വെച്ച് പിടികൂടിയത്.

ചാരായം വാറ്റിയ ശേഷം 5 ലിറ്റർ, 10 ലിറ്റർ എന്നീ അളവുകളിൽ വില്പന ചെയ്തു വന്ന സംഘം പല തവണ എക്സൈസിന്റെ പിടിയിൽ നിന്നും വഴുതി പോയിരുന്നു. പുതുരുത്തി സ്വദേശികളായ കണ്ണനായ്ക്കൽ ജോണി മകൻ സിന്റോ, മടത്തുംപടി രാമചന്ദ്രൻ മകൻ രെനീഷ്  എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. ഓർഡർ അനുസരിച് 5 ലിറ്റർ ചാരായം എത്തിക്കുന്നതിനായി സ്‌കൂട്ടറിൽ പോകുമ്പോഴാണ് ഇവർ പിടിയിലായത്. തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ സിന്റോയുടെ പിതാവിന്റെ പേരിലുള്ള പുരയിടത്തിന്റെ പുറകിൽ നിന്നും കന്നാസുകളിലാക്കി കുഴിച്ചിട്ട നിലയിൽ 40ലിറ്റർ  ചാരായം കണ്ടെത്തി.

ചാരായം വാറ്റുന്നതിനു പാകപ്പെടുത്തിയ 300 ലിറ്ററോളം വാഷും, വാറ്റുപകരണങ്ങളും, വാറ്റാനുപയോഗിക്കുന്ന ഗ്യാസ് കുറ്റിയും കണ്ടെടുത്തു. സിന്റോയുടെ നേതൃത്ത്വത്തിൽ ചാരായം വാറ്റി വിതരണം ചെയ്യുന്നതിന് വലിയ സംഘം പ്രവർത്തിക്കുന്നതായി  എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ലിറ്ററിന് 2000 രൂപ നിരക്കിലാണ് പ്രതികൾ ചാരായം വിറ്റിരുന്നത്. ഇയാൾ ചാരായ കച്ചവടത്തിൽ വലിയ തോതിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. ടിപ്പർ, ടോറസ് എന്നിവയുടെ ഉടമസ്ഥനുമാണ്. കൂടുതൽ പ്രതികളെ കുറിച്ച് വരും ദിവസങ്ങളിൽ പുതുരുത്തി പ്രദേശത്തു അനേഷണം നടത്തുമെന്ന്

തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി. കെ. സനു അറിയിച്ചു. ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എം. എസ്. ഷിബു, കെ. വി. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ മാരായ സന്തോഷ് കുമാർ, സെൽവി. പി. കെ. എന്നിവരും പ്രതികളെ പിടി കൂടിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.