ഭിന്നിപ്പിച്ചും കളവ് പറഞ്ഞും ഭരിക്കുക എന്നതാണ് കോണ്‍ഗ്രസ് നയം : നരേന്ദ്ര മോദി

ഭിന്നിപ്പിച്ചും കളവ് പറഞ്ഞും ഭരിക്കുക എന്നതാണ് കോണ്‍ഗ്രസ് നയം : നരേന്ദ്ര മോദി

പുതുച്ചേരി: പുതുച്ചേരി സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭിന്നിപ്പിച്ചും കളവ് പറഞ്ഞും ഭരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നയമെന്നും നുണ പറച്ചിലില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളെല്ലാം കോണ്‍ഗ്രസിനാണെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്തിടെ നടത്തിയ പുതുച്ചേരി സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരിഹാസം.

പുതുച്ചേരിയിലെ പൊതുസമ്മേളനത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തേയും മോദി പരിഹസിച്ചു.

” മത്സ്യബന്ധനത്തിനായി ഒരു മന്ത്രാലയം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പറയുന്നു. ഞെട്ടിപ്പോയി. നിലവിലെ സര്‍ക്കാരാണ് 2019 ല്‍ തന്നെ മന്ത്രാലയം രൂപീകരിച്ചിട്ടുണ്ട് .” മോദി പറഞ്ഞു. ഒരു മത്സ്യത്തൊഴിലാളി സ്ത്രീയുടെ പരാതി രാജിവെച്ച പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി രാഹുല്‍ ഗാന്ധിയോട് തെറ്റായി വിവര്‍ത്തനം ചെയ്തത് മോദി ഉയര്‍ത്തിക്കാട്ടി.

“കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ്, രാജ്യം മുഴുവന്‍ ഒരു വീഡിയോ കണ്ടു. നിസ്സഹായയായ ഒരു സ്ത്രീ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും പുതുച്ചേരി സര്‍ക്കാരും മുഖ്യമന്ത്രിയും അവഗണിച്ചതായി പരാതിപ്പെടുകയുണ്ടായി … രാജ്യത്തോട് സത്യം പറയുന്നതിനുപകരം, മുന്‍ പുതുച്ചേരി മുഖ്യമന്ത്രി സ്ത്രീയുടെ വാക്കുകളുടെ തെറ്റായ വിവര്‍ത്തനം നല്‍കി” മോദി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുമായി സംവദിക്കവെയാണ് ഒരു സ്ത്രീ രാഹുല്‍ ഗാന്ധിയോട് സര്‍ക്കാരിനെ കുറിച്ച്‌ പരാതിപ്പെട്ടത്. ആരും തങ്ങള്‍ക്ക് യാതൊരു പിന്തുണയും നല്‍കിയില്ലെന്നും മുഖ്യമന്ത്രി നാരായണസ്വാമി പോലും ചുഴലിക്കാറ്റ് സമയത്ത് തങ്ങളെ സന്ദര്‍ശിച്ചിട്ടില്ലെന്നും സ്ത്രീ പരാതിപ്പെട്ടു .

ഈ പരാമര്‍ശം നിവാര്‍ ചുഴലിക്കാറ്റിന്റെ സമയത്ത് ഞാന്‍ അവരുടെ പ്രദേശം സന്ദര്‍ശിച്ച്‌ ആശ്വാസം നല്‍കിയെന്നാണ് അവര്‍ പറഞ്ഞതെന്നായിരുന്നു നാരായണസ്വാമി രാഹുലിന് പരിഭാഷപ്പെടുത്തി നല്‍കിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം.

അതെ സമയം പുതുച്ചേരിയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനം ആഘോഷിക്കുകയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു .

‘പുതുച്ചേരി സര്‍ക്കാരില്‍ നിന്ന് ഒരു സഹകരണവും അവര്‍ക്ക് ഉണ്ടായിരുന്നില്ല. ഫണ്ടുകള്‍ വിനിയോഗിച്ചില്ല. തീരദേശ, മത്സ്യത്തൊഴിലാളികളുടെ വികസനത്തിനായി സൃഷ്ടിച്ച പദ്ധതികള്‍ നടപ്പാക്കിയിട്ടില്ല. നുണകളെ അടിസ്ഥാനമാക്കിയുള്ള സംസ്‌കാരം പുലര്‍ത്തുന്ന ഒരു പാര്‍ട്ടിക്ക് എപ്പോഴെങ്കിലും ജനങ്ങളെ സേവിക്കാന്‍ കഴിയുമോ? ‘മോദി ചോദിച്ചു.