മൊബൈല്‍ ആപ്പ് വഴി വായ്പ; തട്ടിപ്പിന് പിന്നില്‍ വിദേശികള്‍ ഉള്‍പ്പെട്ട സംഘം; അന്വേഷണം ക്രൈം ബ്രാഞ്ചിന്
തിരുവനന്തപുരം: മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വായ്പ നല്‍കി തട്ടിപ്പു നടത്തുന്ന സംഘങ്ങളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കാശിന് ആവശ്യമുള്ളവരെ കണ്ടെത്തി കൊള്ളപ്പലിശയ്ക്ക് പണം നല്‍കുന്ന സംഘത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. അന്വേഷണത്തില്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ പൊലീസിനെ സഹായിക്കും.
തട്ടിപ്പിനു പിന്നില്‍ ചൈനക്കാര്‍ അടക്കം വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘമാണു പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍പോള്‍, സിബിഐ എന്നിവയുടെയും തെലങ്കാന, ആന്ധ്രപ്രദേശ് പൊലീസിന്റെയും സഹായത്തോടെയാവും അന്വേഷണം. മൊബൈല്‍ ആപ് ഉപയോഗിച്ച് വായ്പ എടുത്തവരില്‍ ചിലര്‍ അമിത പലിശ കാരണം പണം തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഇങ്ങനെ വായ്പ എടുക്കുന്നത് ഒഴിവാക്കണമെന്നു പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.
യുവാവിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ മൊബൈല്‍ വായ്പാ ആപ്പും
തിരുവനന്തപുരത്ത് ഐഎസ്‌ആര്‍ഒയിലെ കരാര്‍ ജീവനക്കാരനായിരുന്ന യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിലും മൊബൈല്‍ ആപ്പാണെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ റമ്മി കളിച്ച് കടം കയറിയ വിനീത് ഡിസംബര്‍ 31ന് ആത്മഹത്യ ചെയ്യുമ്ബോള്‍ 12 ലക്ഷം രൂപ കടമുണ്ടായിരുന്നു. സുഹൃത്തുക്കളില്‍ നിന്നു കടമെടുക്കുന്നതു തികയാതെ വന്നപ്പോള്‍ മൊബൈല്‍ വായ്പാ ആപ്പുകളില്‍ നിന്നു വട്ടിപ്പലിശയ്ക്ക് കടമെടുത്തു. ആപ് പറഞ്ഞ കൊള്ളപ്പലിശ കൊടുത്തു തീര്‍ക്കാനാവാതെ വന്നപ്പോള്‍ സുഹൃത്തുക്കള്‍ക്കും ഐഎസ്‌ആര്‍ഒയിലെ സഹപ്രവര്‍ത്തകരും വിനീതിനെ അവഹേളിച്ചു ഫോട്ടോ അടക്കം ആപ് കമ്ബനിക്കാര്‍ സന്ദേശം അയച്ചു. അതു വിനീതിനെ തളര്‍ത്തി. താന്‍ പെട്ടുപോയെന്നാണ് ആത്മഹത്യയ്ക്കു മുന്‍പ് വിനീത് സുഹൃത്തുക്കളോടു പറഞ്ഞത്.
-ആപ് കമ്ബനിക്കാര്‍ അയച്ച മെസേജ് കണ്ട് പലരും എന്നോടു ചോദിക്കാന്‍ തുടങ്ങി. അങ്ങനെയാണ് വിനീത് പല ആപ്പില്‍ നിന്നും ഇതുപോലെ കടമെടുത്തിട്ടുണ്ടെന്ന് അറിഞ്ഞതെന്ന് വിനീതിന്റെ സഹോദരന്‍ പറഞ്ഞു. പിന്നീട് ആപ്പിന്റെ ആളുകള്‍ വീട്ടില്‍ വന്നുതുടങ്ങി. വിനീത് പറഞ്ഞ കാലാവധി കഴിഞ്ഞെന്നും ഇനി പണം തന്നില്ലെങ്കില്‍ നടപടി വരുമെന്നുമായിരുന്നു ഭീഷണി. ഭാവിയില്‍ പ്രശ്‌നം വരാതിരിക്കാന്‍ കുറച്ചു പൈസ കൊടുക്കുകയും ചെയ്തു.
Comments (0)