യുവാവ് ട്രെയിന്‍തട്ടി മരിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന് ; കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബെ നന്ദുവിന്റെ വീട് സന്ദര്‍ശിച്ചു.
അമ്പലപ്പുഴ : പുന്നപ്രയില്‍ നന്ദു എന്ന യുവാവ് ദുരൂഹ സാഹചര്യത്തില്‍ റെയില്‍പ്പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കുമെന്ന് ജില്ല പൊലീസ് മേധാവി ജി.ജയ്‌ദേവ് അറിയിച്ചു. മരണം വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് എസ്.പി പറഞ്ഞു. ഉത്തരവിറങ്ങിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബേബി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി നന്ദുവിന്റെ മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. നന്ദുവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും പരിശോധന നടത്തി. അതിനിടെ നന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് 8 പേര്‍ക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു. മുന്ന, ഫൈസല്‍, നിധിന്‍, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവന്‍, റോബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നന്ദുവിന്റെ ഫോണ്‍ സംഭാഷണത്തില്‍ പേരുള്‍പ്പെട്ടിരുന്ന മുന്ന, ഫൈസല്‍ എന്നിവരെ ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. എല്ലാവരും നന്ദുവിന്റെ അയല്‍വാസികളാണ്. ഇവരില്‍ ചിലര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. സംഭവത്തില്‍ പുന്നപ്ര പൊലീസ് മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിലൊന്ന് നന്ദുവിന്റെ അസ്വാഭാവിക മരണമാണ്. നന്ദു ഉള്‍പ്പെട്ട അടിപിടിക്കേസ്, നന്ദുവിന്റെ സഹോദരി നല്‍കിയ പരാതി എന്നിവയിലാണ് മറ്റു രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നന്ദുവിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. അടിപിടിയെ തുടര്‍ന്ന് ചിലര്‍ പിന്തുടര്‍ന്നപ്പോഴാണ് നന്ദു മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
നന്ദുവിന്റെ വീട് കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് കേന്ദ്ര മന്ത്രി ഇവിടെയെത്തിയത്. നന്ദുവിന്റെ മാതാപിതാക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും കേന്ദ്ര സഹമന്ത്രി വിവരങ്ങള്‍ തേടി. പിന്നീട് ജില്ല പൊലീസ് മേധാവിയുമായി ഫോണില്‍ സംസാരിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍, ജില്ല പ്രസിഡന്റ് എം.വി ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി വിമല്‍ രവീന്ദ്രന്‍, സെല്‍ കോഓഡിനേറ്റര്‍ അനിരുദ്ധന്‍, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആദര്‍ശ് മുരളി, മണ്ഡലം കമ്മിറ്റി അംഗം എം.അജിമോന്‍, എന്‍.രാജേന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)