വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു 'വളഞ്ഞ വഴി ' തെരഞ്ഞെടുത്ത് പ്രവാസികള്‍

വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു 'വളഞ്ഞ വഴി ' തെരഞ്ഞെടുത്ത് പ്രവാസികള്‍

ദുബൈ : അവധിക്കാലം അവസാനിക്കാറായതോടെ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. ഒമാന്‍ ഉള്‍പ്പെടെ മറ്റ് ജി.സി.സി രാജ്യങ്ങള്‍ വഴി യു.എ.ഇയില്‍ എത്താനുള്ള ശ്രമത്തിലാണ് പ്രവാസികള്‍. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളില്‍ നല്ലൊരു ശതമാനവും 'വണ്‍ സ്‌റ്റോപ്പ്' വിമാനങ്ങളാണ് തെരഞ്ഞെടുക്കുന്നത്. വേനല്‍ അവധി കഴിഞ്ഞ് ആഗസ്റ്റ് അവസാനത്തോടെ യു.എ.ഇയില്‍ സ്‌കൂളുകള്‍ തുറക്കും. ഈ സമയത്ത് കൊച്ചിയില്‍നിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് 1500 മുതല്‍ മുകളിലേക്കാണ് നിരക്ക്. എന്നാല്‍, വണ്‍ സ്‌റ്റോപ്പ് വിമാനങ്ങളില്‍ 1000 ദിര്‍ഹം മുതല്‍ ടിക്കറ്റ് ലഭ്യമാണ്. നാലുപേര്‍ അടങ്ങുന്ന കുടുംബത്തിന് ഇതുവഴി 2000 ദിര്‍ഹം വരെ ലാഭിക്കാന്‍ കഴിയുന്നു. 10 മണിക്കൂറില്‍ അധികം യാത്ര ചെയ്താല്‍ ഇത്രയും തുക ലാഭിക്കാമെന്ന കണക്കുകൂട്ടലാണ് ഇവരെ ഈ വഴി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. കൊച്ചിയില്‍നിന്ന് മസ്‌കത്തിലേക്ക് 600-700 ദിര്‍ഹം മാത്രമാണ് ടിക്കറ്റ്. ഒമാനിലെ ഓണ്‍ അറൈവല്‍ വിസയുമെടുത്ത് അവിടെനിന്ന് ബസില്‍ ദുബൈയില്‍ എത്തിയാല്‍പോലും 1000 ദിര്‍ഹമില്‍ താഴെയെ ചെലവ് വരൂ. യു.എ.ഇ വിസയുള്ളവര്‍ക്ക് 60 ദിര്‍ഹമിന് ഒമാനിലെ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. 55 ദിര്‍ഹം നല്‍കിയാല്‍ ബസില്‍ ദുബൈ എത്താം. താഴ്ന്ന വരുമാനക്കാരായ പ്രവാസികളില്‍ പലരും ഈ വഴിയാണ് വരുന്നത്. പത്ത് മണിക്കൂര്‍ അധിക ജോലി ചെയ്താല്‍ 500 ദിര്‍ഹം ലഭിക്കാത്ത സാഹചര്യത്തില്‍ പത്തു മണിക്കൂര്‍ യാത്ര ചെയ്ത് ഈ തുക ലാഭിക്കാമെന്നതാണ് ഇവരുടെ ആശയം. ഒമാന്‍ വിസയെടുത്ത് വരുന്നവരുടെ എണ്ണം അടുത്ത ദിവസങ്ങളില്‍ വര്‍ധിച്ചതായി സ്മാര്‍ട്ട് ട്രാവല്‍സ് എം.ഡി അഫി അഹ്മദ് പറഞ്ഞു. ഒമാനില്‍നിന്ന് യു.എ.ഇയിലേക്ക് മികച്ച യാത്ര സൗകര്യങ്ങളുണ്ടെന്നും ഇത് ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഒമാനിലേക്ക് 500 ദിര്‍ഹമില്‍ താഴെയാണ് ടിക്കറ്റ് നിരക്ക്. മറ്റ് സംസ്ഥാനക്കാരും ഈ വഴി തെരഞ്ഞെടുക്കുന്നുണ്ട്. അവധിക്കാലം തുടങ്ങുന്നതിന് മുന്നോടിയായി ജൂലൈ അവസാനം 2400 ദിര്‍ഹമായി ടിക്കറ്റ് നിരക്ക് ഉയര്‍ന്നിരുന്നു. അവധിക്കാലം മുന്‍നിര്‍ത്തിയുള്ള ടിക്കറ്റ് കൊള്ളക്ക് പരിഹാരം കാണണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യമാണെങ്കിലും പരിഹരിക്കപ്പെടുന്നില്ല.