വയനാട്ടിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്സ് ഏര്‍പെടുത്തണം -വയനാട് പ്രകൃതി സംരക്ഷണ സമിതി
കല്‍പറ്റ: ഇതരജില്ലകളില്‍നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വയനാട്ടിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്സ് ഏര്‍പെടുത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ഇങ്ങനെ ലഭിക്കുന്ന വരുമാനം പരിസ്ഥിതി പുനരുജ്ജീവനത്തിന്നായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീതിച്ചെടുക്കാവുന്ന രീതിയില്‍ പദ്ധതി ആവിഷ്കരിക്കണമെന്നും തദ്ദേശ പഞ്ചായത്ത് അധ്യക്ഷന്മാര്‍ക്കും അംഗങ്ങള്‍ക്കും അയച്ച തുറന്ന കത്തില്‍ സംഘടന ആവശ്യപ്പെട്ടു.
വയനാട്ടില്‍ ഇപ്പോള്‍ നടക്കുന്നത് പരിസ്ഥിതി സൗഹാര്‍ദ ടൂറിസമല്ല. ഭീകരതയും നഗ്നമായ പ്രകൃതിചൂഷണവും ആണ്. ലക്കും ലഗാനുമില്ലാത്ത, അനിയന്ത്രിത ടൂറിസത്തിന്ന് അറുതി വരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
'തദ്ദേശ പഞ്ചായത്ത് അംഗങ്ങളായും അധ്യക്ഷന്‍മാരായും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ അഭിവാദ്യങ്ങള്‍. വരുന്ന അഞ്ചു വര്‍ഷം നാടിനും നാട്ടാര്‍ക്കും ഉപകാരപ്രദമായി നിര്‍ഭയമായും ധീരമായും പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ ലോകത്തേറ്റവും അനുയോജ്യമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് വയനാട്. അതീവ ലോലവും അതിസങ്കീര്‍ണവുമായ പരിസ്ഥിതി സംതുലനമാണ് വയനാടിനുള്ളത്. എന്നാല്‍ ഈ സ്വര്‍ഗഭൂമി ഇന്ന് സര്‍വനാശത്തിന്‍റെ നെല്ലിപ്പടിയിലാണ്. ജനസംഖ്യയില്‍ മഹാഭൂരിഭാഗം വരുന്ന കര്‍ഷകര്‍ പരിസ്ഥിതിത്തകര്‍ച്ചയുടെ അനിവാര്യ ദുരന്തമായ കാര്‍ഷികത്തകര്‍ച്ചയുടെ ദുരിതത്തില്‍ ഉഴറുകയാണിപ്പോള്‍. സമ്ബന്നമായ വയനാടന്‍ കാര്‍ഷിക സംസ്കൃതി കാണക്കാണെ അസ്തമിക്കുകയാണ്. വരള്‍ച്ചയും ജലക്ഷാമവും പ്രളയവും ഉരുള്‍പൊട്ടലും മാറി മാറി ജില്ലയെ ഗ്രസിക്കുന്നു. വയനാടിന്‍റെ കാര്‍ഷിക പുനരുത്ഥാനത്തിന്നും പരിസ്ഥിതി പുനരുജ്ജീവനത്തിനുമാണ് പുതിയ പഞ്ചായത്തുകള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്.
വികസനം എന്ന പദം ഏറെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും മലീമസമാക്കപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്ത അശ്ശീലമാണ് വയനാട്ടില്‍. സംഘടിത പ്രസ്ഥാനങ്ങള്‍ കൊട്ടിഘോഷിക്കുന്നതും ചര്‍വ്വിതചര്‍വണം ചെയ്യുന്നതുമായ വികസനപദ്ധതികള്‍ മിക്കതും വികസനമല്ല, വിനാശമാണ്. ചുരം ബദല്‍ റോഡും തുരങ്ക പാതയും വിമാനത്താവളവും റെയില്‍വേയും സുസംഘടിത പ്രചാരണത്തില്‍ ആള്‍ക്കൂട്ടത്തെ അഭിരമിപ്പിക്കാനുള്ള ആഭിചാര മന്ത്രങ്ങള്‍ മാത്രമാണ്. വയനാടിന്‍റെ യഥാര്‍ഥ വികസനം സാധ്യമാക്കുക എന്നതാണ് തദ്ദേശം ഭരണാധികാരികളുടെ മുഖ്യ ധര്‍മം എന്ന് ഞങ്ങള്‍ കരുതുന്നു. അതിനുള്ള തന്‍േറടവും ഇച്ഛാശക്തിയും പഞ്ചായത്തകള്‍ കാണിക്കുമെന്ന് പ്രത്യാശിക്കുന്നു.
ജൈവവൈവിദ്ധ്യത്തില്‍ വയനാടിന്ന് അനുപമമായ സ്ഥാനമാണുള്ളത്. യൂനസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടച്ചതും ഭൂമിയില്‍ മറ്റെവിടെയുമില്ലാത്തതുമായ സസ്യ-ജന്തുജാലങ്ങളുടെ കലവറയാണ് വയനാട്. ഏറെ അധികാരമുള്ള ബി.എം.സികളെ ശാക്തീകരിക്കല്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണം. വയനാടിനെ ഒരു സമ്ബൂര്‍ണ ജൈവ ജില്ലയായി മാറ്റേണ്ടിയിരിക്കുന്നു.
മൂന്നു പതിറ്റാണ്ടായി രൂക്ഷമായ വന്യജീവി-മനുഷ്യസംഘര്‍ഷത്തിന് പരിഹാരം കാണാന്‍ പഞ്ചായത്തുകള്‍ക്ക് വലിയ പങ്കു വഹിക്കാനാകും. വനവും വന്യജീവികളും നമ്മുടെ നാടിന്‍റെ അഭിമാനമാണെന്നും അമൂല്യമായ സമ്ബത്താണെന്നുമുള്ള ബോധത്തോടെയാവണം സമ്ബദ് വ്യവസ്ഥയുടെ നട്ടെല്ലായ കൃഷി നേരിടുന്ന ഏറ്റവും മുഖ്യമായ വെല്ലുവിളി വന്യജീവി സംഘര്‍ഷമാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടത്. വനത്തോടും വന്യജീവികളോടും പഞ്ചായത്തുകള്‍ വിദ്വേഷം പുലര്‍ത്തില്ലെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.
വയനാട്ടില്‍ എവിടെയെല്ലാം കരിങ്കല്‍ ഖനനമാകാമെന്നും എത്രമാത്രം ഖനനം ചെയ്യാമെന്നും നിശ്ചയിക്കാന്‍ വിദഗ്ദ സമിതിയെ നിയമിക്കണം. അങ്ങനെ ലഭിക്കുന്ന വിഭവങ്ങളുടെ മുന്‍ഗണന ആര്‍ക്കെന്ന് നിശ്ചയിക്കാന്‍ ഗ്രാമസഭകള്‍ക്കും ഗ്രാമപഞ്ചായത്തിനും അധികാരം നല്‍കണം. ഖനിജങ്ങളുടെ സംഭരണവും വിതരണവും അവരുടെ ചുമതലയില്‍ കൊണ്ടുവരണം.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധി സ്വപ്നം കണ്ട സ്വയം സമ്ബൂര്‍ണ ഗ്രാമ സ്വരാജ് എന്ന സ്വപ്നത്തിലേക്ക് മുന്നേറാനാകട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു .വയനാടിന്‍്റെ വെള്ളവും പ്രാണവായുവും മണ്ണും അദ്വിതീയമായ നമ്മുടെ പരിസ്ഥിതി സംതുലനവും സംരക്ഷിക്കാന്‍ വേണ്ടി നിലകൊള്ളുന്ന സ്വയം സന്നദ്ധ സംഘടനയായ പ്രകൃതി സംരക്ഷണ സമിതിയെ വിദ്വേഷത്തോടെ കാണരുതെന്നും പ്രസിഡന്‍റ് എന്‍. ബാദുഷയും സെക്രട്ടറി തോമസ് അമ്ബലവയലും ഒപ്പുവെച്ച കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)