സെക്രട്ടേറിയറ്റ് യുദ്ധഭൂമി, കെഎസ്‍യു മാര്‍ച്ചില്‍ വന്‍സംഘര്‍ഷം, പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി, ലാത്തിച്ചാര്‍ജ്
തിരുവനന്തപുരം: തലസ്ഥാനത്ത് നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു.
കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരാണ് മാര്‍ച്ചിനെത്തിയത്. അഭിജിത്തിനും സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ കല്ലമ്ബലത്തിനുമടക്കം പരിക്കേറ്റു. പെണ്‍കുട്ടികളെയടക്കം പൊലീസ് വളഞ്ഞിട്ട് തല്ലി. പെണ്‍കുട്ടികളടക്കം നിരവധിപ്പേര്‍ക്ക് പൊലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റു.
ഒറ്റപ്പെട്ട പൊലീസുകാരെ പ്രവര്‍ത്തകരും ആക്രമിച്ചു. പത്തോളം പ്രവര്‍ത്തകര്‍ക്കും അഞ്ച് പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ചിലരെ ആശുപത്രിയിലേക്ക് മാറ്റി.
മാര്‍ച്ച് അക്രമാസക്തമായതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തേക്ക് എത്തിയതോടെ സ്ഥലം കൂടുതല്‍ സംഘര്‍ഷഭരിതമാകുകയായിരുന്നു. കെഎസ് യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ് ഇപ്പോള്‍. സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാനുള്ള ശ്രമം നടക്കില്ലെന്ന് കെ എം അഭിജിത്ത് പ്രതികരിച്ചു. നെയിം പ്ലേറ്റ് മാറ്റിയ പൊലീസുകാര്‍ പ്രവര്‍ത്തകരെ അടിച്ചൊതുക്കാനാണ് ശ്രമിച്ചതെന്നും അഭിജിത്ത് ആരോപിച്ചു. പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി കെഎസ്യു പ്രതിഷേധിക്കും.
Comments (0)