അതി ശൈത്യം: അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നിഴ്ചലം, മരണം 21, വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ തകര്‍ന്നു
വാഷിങ്ടണ്‍: കടുത്ത ശൈത്യം മൂലം അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനജീവിതം ഏറെക്കുറെ നിശ്ചലമായി. കനത്ത മഞ്ഞുവീഴ്ചയും മൈനസിന് താഴെ തുടരുന്ന താപനിലയും മൂലം ടെക്‌സാസിലെ സ്ഥിതിയാണ് കൂടുതല്‍ രൂക്ഷമായി തുടരുന്നത്. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകര്‍ന്നു. ഇന്റര്‍നെറ്റും ഫോണും ലഭ്യമല്ല. വിവിധ സംസ്ഥാനങ്ങളിലായി 21 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.
100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ശൈത്യമാണ് നേരിടുന്നത്. വെള്ളിയാഴ്ചയോടെ താപനില ഉയര്‍ന്നു തുടങ്ങുമെന്നാണ് കാലാവാസ്ഥാ നിരീക്ഷകരുടെ അഭിപ്രായം. കാലാവസ്ഥ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 2.7 ദശലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചിരിക്കുകയാണ്. ഇത് മൂലം വീടുകള്‍ക്കുള്ളില്‍ താപനില വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിലയിലാണ്. കാറ്റാടി യന്ത്രങ്ങള്‍ , പ്രകൃതി വാതക കിണറുകള്‍, വിതരണത്തിനുള്ള കുഴലുകള്‍, എന്നിവ കനത്ത മഞ്ഞില്‍ തണുത്തുറഞ്ഞതോടെ തടസ്സപ്പെട്ട വൈദ്യുതി ഉത്പാദനവും വിതരണവും ഈ ആഴ്ച അവസാനത്തോടെ മാത്രമേ പുനഃസ്ഥാപിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് റോഡുകള്‍ വിജനമാണ്. ശുദ്ധജല വിതരണവും ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ്. ഹൂസ്റ്റണിലെ ആശുപത്രികളിലും ടെക്‌സാസിലെ ഭൂരിഭാഗം വീടുകളിലും ജലവിതരണം നിലച്ചതായാണ് റിപ്പോര്‍ട്ട്. 21 പേരുടെ മരണം സ്ഥിരീകരിച്ചുവെങ്കിലും കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നാണ് ഔദ്യോഗിക നിഗമനം.
അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ വീടുകളുപേക്ഷിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പാര്‍ക്കുന്നത് . വാക്‌സിന്‍ വിതരണവും താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ടെക്‌സാസിന് പുറമെ ലൂസിയാന, കെന്റക്കി, മിസ്സോറി എന്നീ സംസ്ഥാനങ്ങളിലും കനത്ത മഞ്ഞു വീഴ്ച തുടരുകയാണ്.
Comments (0)