സ്വര്‍ണ്ണ, വെള്ളി തിളക്കവുമായി കോമണ്‍വെല്‍ത്ത് ട്രിപ്‌ളില്‍ ജംപില്‍ മലയാളികളായ എല്‍ദോസ് പോളും അബ്ദുല്ല അബൂബക്കറും

സ്വര്‍ണ്ണ, വെള്ളി തിളക്കവുമായി കോമണ്‍വെല്‍ത്ത് ട്രിപ്‌ളില്‍ ജംപില്‍ മലയാളികളായ എല്‍ദോസ് പോളും അബ്ദുല്ല അബൂബക്കറും

ബര്‍മിങ്ഹാം : ചരിത്രത്തിലേക്ക് കുതിച്ചുചാടി മലയാളിതാരങ്ങള്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ട്രിപ്ള്‍ ജംപില്‍ സ്വര്‍ണവും വെള്ളിയും നേടി മലയാളികളായ എല്‍ദോസ് പോളും അബ്ദുല്ല അബൂബക്കറും ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ പുതുചരിതമെഴുതി. കോമണ്‍വെല്‍ത്ത് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ ഒരു ഇനത്തില്‍ ഒരുമിച്ച് വിജയപീഠമേറുന്നത്. ട്രിപ്ള്‍ ജംപില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടമാണ് എല്‍ദോസിന്റേത്. മലയാളികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ജംപ് പിറ്റില്‍ തന്റെ മൂന്നാമത്തെ ശ്രമത്തില്‍ 17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് സ്വര്‍ണമുറപ്പിച്ചത്. അഞ്ചാമത്തെ ശ്രമത്തില്‍ 17.02 പിന്നിട്ട അബൂബക്കര്‍ വെള്ളിയുമുറപ്പിച്ചു. യൂജിനില്‍ നടന്ന ലോക അത്‌ലറ്റിക് മീറ്റില്‍ മികവ് കാട്ടിയതിന്റെ ആവേശവുമായി വന്ന എല്‍ദോസും അബ്ദുല്ലയും ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കുകയായിരുന്നു. ഇത്തവണ ട്രാക്കിലും ഫീല്‍ഡിലും ഇന്ത്യയുടെ ആദ്യ സ്വര്‍ണംകൂടിയാണ് ഇത്. ഞായറാഴ്ച നാലു സ്വര്‍ണമാണ് ഇന്ത്യന്‍ താരങ്ങള്‍ വാരിയത്. ഒപ്പം രണ്ടു വെള്ളിയും ആറു വെങ്കലവുംകൂടി. ബോക്‌സിങ് റിങ്ങില്‍നിന്നായിരുന്നു മൂന്നു സ്വര്‍ണം. അമിത് പന്‍ഗാലും നിഖാത് സരീനും നീതു ഘന്‍ഗാസുമാണ് ഇടിക്കൂട്ടില്‍ സ്വര്‍ണം പെയ്യിച്ചത്. ടേബ്ള്‍ ടെന്നിസില്‍ അജന്ത ശരത് കമല്‍-ജി. സത്യന്‍ ജോടി പുരുഷ ഡബ്ള്‍സില്‍ വെള്ളി നേടി. ഹോക്കിയില്‍ വനിത ടീം വെങ്കലം കരസ്ഥമാക്കിയപ്പോള്‍ വനിത ജാവലിന്‍ത്രോയില്‍ അന്നു റാണിയും പുരുഷന്മാരുടെ 10,000 മീ. നടത്തത്തില്‍ സന്ദീപ് കുമാറും വെങ്കലമണിഞ്ഞു. പുരുഷ ഹോക്കി ടീമും വനിത ക്രിക്കറ്റ് ടീമും ഫൈനലില്‍ കടന്ന് വെള്ളിയുറപ്പിച്ചിട്ടുണ്ട്. ബാഡ്മിന്റണില്‍ പി.വി. സിന്ധു, ലക്ഷ്യ സെന്‍ തുടങ്ങിയവരും ഫൈനലിലെത്തി.