സിയാലിൽ വ്യോമയാന സുരക്ഷാ വാരാചരണം
കൊച്ചി: ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെയും (ബി.സി.എ.എസ്) സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും (മോക്ക) നേതൃത്വത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ, ആഗസ്റ്റ് 5 മുതൽ 11 വരെ വ്യോമയാന സുരക്ഷാ വാരാചരണം സംഘടിപ്പിക്കുന്നു.
വ്യോമയാന സുരക്ഷയെക്കുറിച്ചുള്ള യാത്രക്കാരുടെ അവബോധം വർദ്ധിപ്പിക്കുക, പൊതുജനങ്ങൾക്കിടയിൽ ജാഗ്രതയും ഉത്തരവാദിത്ത ബോധവും വളർത്തിയെടുക്കുക എന്നിവയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. വ്യോമയാന സുരക്ഷ മികച്ച രീതിയിൽ പരിപാലിക്കാനും അത് വഴി സുരക്ഷിത യാത്ര ഉറപ്പാക്കാനും കൂട്ടായ ശ്രമങ്ങൾ നിർണായകമാണ്.
'മികച്ച ഡൈവെസ്റ്മെന്റിലൂടെ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുക' എന്നതാണ് ഈ വർഷത്തെ പ്രമേയം. വ്യോമയാന സുരക്ഷാ ക്രമീകരണങ്ങളിൽ സ്വയം സഹകരണം ഉറപ്പാക്കുക എന്നതാണ് ഡൈവെസ്റ്മെന്റിലൂടെ അർത്ഥമാക്കുന്നത്. സുരക്ഷ ഒരു കൂട്ടുത്തരവാദിത്തമാണെന്ന തത്വത്തിന് അടിവരയിടുകയാണ് സുരക്ഷാ വാരാചരണത്തിലൂടെ. ക്വിസുകൾ, ഡോഗ് സ്ക്വാഡ് പ്രകടനങ്ങൾ, സാംസ്കാരിക സായാഹ്നങ്ങൾ, വാക്കത്തോണുകൾ, വിജ്ഞാനപ്രദമായ വീഡിയോ സ്‌ക്രീനിങ്ങുകൾ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കും യാത്രക്കാർക്കും വിമാന യാത്രാ സുരക്ഷയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിനായി വിമാനത്താവളത്തിനകത്തും പുറത്തും സംഘടിപ്പിക്കും.
കാണുക, അറിയിക്കുക, സുരക്ഷിതമാക്കുക' എന്ന മുദ്രാവാക്യത്തിന് ഊന്നൽ നൽകി, യാത്രക്കാരെ അവരുടെ ചുറ്റുപാടുകൾ നിരീക്ഷിക്കാനും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ ഉടനടി അറിയിക്കാനും പ്രോത്സാഹനം നൽകുന്നു എന്നതാണ് ഈ വാരാചരണത്തിന്റെ പ്രത്യേകത. ആഗസ്റ്റ് 5, തിങ്കളാഴ്ച രാവിലെ 6 മണിക്ക് സംഘടിപ്പിക്കുന്ന കൂട്ടനടത്തതോടെ (വാക്കത്തോൺ) വ്യോമയാന സുരക്ഷാ വാരാചരണത്തിന് തുടക്കമാകും. എല്ലാ യാത്രക്കാർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ സിയാൽ എന്നും പ്രതിജ്ഞാബദ്ധമാണ്.
Comments (0)