കായംകുളം അപകട മാഫിയ; നൗഫലിന് വധഭീഷണി

കായംകുളം അപകട മാഫിയ; നൗഫലിന് വധഭീഷണി

തിരുവനന്തപുരം: കായംകുളത്തെ അപകട മാഫിയുടെ വാര്‍ത്ത പുറത്തു വിട്ടതിന് പിന്നാലെ ന്യൂസ് ഫോര്‍ട്ടീന്‍ മേധാവി നൗഫല്‍ കായംകുളത്തിനു നേരെ വധഭീഷണി.വാഹന യാത്രികനെ രക്ഷപ്പെടുത്തുന്നതിനിടെ ഗുരുതരമായി മര്‍ദ്ദിച്ച വര്‍ക്ക്‌ഷോപ്പ് ഉടമ സോഡാ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വധഭീഷണി മുഴക്കിയത്. ഞങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കിയവനെ പിച്ചാത്തി മുനയില്‍ വീഴ്ത്തുമെന്നും അതിനുള്ള സന്നാഹം തനിക്കുണ്ടെന്നും കായംകുളം മാര്‍ക്കറ്റിലെത്തി ഭീഷണി മുഴക്കുകയായിരുന്നു. കൊടും ക്രിമിനലായ നൗഷാദിന് നേരെ ചെറുവിരലനക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും ഭയമാണ്. പോലീസുകാരെപ്പോലും ഭീഷണിപ്പെടുത്തുന്ന മാഫിയ സംഘത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുല്ലുവിലയാണെന്ന് പ്രദേശവാസികളും പറയുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ന്യൂസ് ഫോര്‍ട്ടീന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷിബു മുറിഞ്ഞപാലത്തെ മൊബൈലില്‍ വിളിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത അന്വേഷിക്കാനെന്ന വ്യാജേന നൗഷാദിന്റെ സംഘത്തിലെ പ്രമുഖന്‍ നൗഫലിന്റെ വിവരം തേടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി ഉടന്‍ നല്‍കും.
കായംകുളം മേഖലയില്‍ കഴിഞ്ഞ നാളുകളില്‍ നടന്ന അപകടങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെടും. അപകട മാഫിയക്ക് പിന്നിലുള്ള മുഴുവന്‍ സംഘങ്ങളെയും പുറത്തു കൊണ്ടുവരാനാണ് ന്യൂസ് ഫോര്‍ട്ടീന്റെ അടുത്ത യജ്ഞം. നൗഫലിന് ഇനി എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദി സോഡാ നൗഷാദും സംഘവുമായിരിക്കുമെന്നും മുഖ്യമന്ത്രിക്ക് നല്‍കുന്ന പരാതിയില്‍ ബോധ്യപ്പെടുത്തും.