18 മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്മാരകം ഒരുക്കി സര്‍ക്കാര്‍
ഇരുപത്തിനാല് വര്‍ഷം മുന്‍പ് മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് 50000 രൂപ വീതം വാങ്ങി അഞ്ചുസെന്റ് വാഗ്ദാനം ചെയ്ത് വഞ്ചിക്കുക.
24 വര്‍ഷം കഴിഞ്ഞിട്ടും ഭൂമിയോ, വാങ്ങിയ പണമോ മടക്കി നല്‍കാതിരുന്നാല്‍ അതിനെ തട്ടിപ്പ് എന്നല്ലാതെ എന്തുപേരിട്ടാണ് വിളിക്കുക.
വഞ്ചിക്കപ്പെട്ടിരിക്കുന്നത് എല്ലാ അവകാശങ്ങള്‍ക്കു വേണ്ടിയും പേന പടവാളാക്കുന്ന മാധ്യമ പുലികളും വഞ്ചിച്ചിരിക്കുന്നത് സംസ്ഥാന സര്‍ക്കാരും കെയുഡബ്ല്യുജെ എന്ന പത്രപ്രവര്‍ത്തകരുടെ യൂണിയനുമാണ്. വാദികളും പ്രതികളും നിസാരക്കാരല്ലാത്തതുകൊണ്ട് 24 വര്‍ഷം കഴിയുമ്പോഴും ഭൂമി നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ കൈമലര്‍ത്തിക്കാണിക്കുന്നു. ഇടനിലക്കാരായി സര്‍ക്കാരില്‍ നിന്ന് ഭൂമി ഏറ്റുവാങ്ങിയ കേരളാ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ നേതാക്കള്‍ പതിവുപോലെ നിസഹായത പ്രകടിപ്പിക്കുന്നു.
പാലക്കാട്ടെ 18 പത്രപ്രവര്‍ത്തകര്‍ക്ക് ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ 50000 രൂപ വീതം വാങ്ങി നടപ്പിലാക്കിയ ഭവന പദ്ധതിയുടെ ദുരവസ്ഥയാണിത്. മാധ്യമ പ്രവര്‍ത്തനം സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ ആദ്യ കാല പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഇ.കെ നായനാര്‍ എന്ന മഹാനായ മുഖ്യമന്ത്രിയാണ് പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടി ഈ ഭൂമിയുടെ പട്ടയം കെയുഡബ്ല്യുജെ പാലക്കാട് സെക്രട്ടറിക്ക് കൈമാറിയത്. അന്ന് സെക്രട്ടറിയായിരുന്ന ദേശാഭിമാനിയുടെ വി.ജെയിനാണ്(ഇന്ന് അദ്ദേഹം എ.കെ ബാലന്റെ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാളാണ്) ഏറ്റുവാങ്ങി 18 പത്രപ്രവര്‍ത്തകര്‍ക്കായി പട്ടയം കൈമാറിയത്. എല്ലാ പത്രപ്രവര്‍ത്തകരും ഭൂമിയുടെ കരം അടയ്ക്കുകയും ചെയ്തു. എന്നാല്‍ ഭൂമി ലഭിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെ പോലും അറിയിക്കുകയോ, കേള്‍ക്കുകയോ ചെയ്യാതെ ഹൈക്കോടതി ജസ്റ്റിസായിരുന്ന ഗഫൂര്‍ ഈ ഭൂമി കൈമാറ്റം സ്റ്റേ ചെയ്തു. പിന്നീട് ഹൈക്കോടതി പത്രപ്രവര്‍ത്തകര്‍ക്ക് ഭൂമി നല്‍കിയ നടപടി റദ്ദാക്കുകയും ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകനായ വിളയോടി വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. പൊതു ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ച ഭൂമി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭവന നിര്‍മ്മാണത്തിന് നല്‍കാന്‍ പാടില്ല എന്നതായിരുന്നു വിധി.
ഇതിനെതിരെ അപ്പീല്‍ പോകേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാരും കെയുഡബ്ല്യുജെയുമാണ്. കാല്‍നൂറ്റാണ്ട് തികയാറായിട്ടും ഒരു നടപടിയും മാറി മാറി ഭരിച്ച സര്‍ക്കാരുകളോ, കെയുഡബ്ല്യുജെ സംസ്ഥാന ഭാരവാഹികളോ സ്വീകരിച്ചില്ല. മലയാറ്റൂര്‍ രാമകൃഷ്ണന്റെ പ്രശസ്തമായ അഞ്ചുസെന്റ് എന്ന നോവലിലെ വിപ്ലവകാരിയായ സഖാവ് ശിഷ്യനായ മുഖ്യമന്ത്രിയോട് അഞ്ചുസെന്റിനായി അപേക്ഷ നല്‍കി കാത്തിരുന്നത് കഥ. ശിഷ്യന്‍ മുഖ്യമന്ത്രിയായിരുന്നിട്ടും സ്വാതന്ത്ര്യ സമര സേനാനിയായ സഖാവ് അഞ്ചുസെന്റ് കിട്ടാതെ മരണമടഞ്ഞു. ഒരുകാലത്ത് വിപ്ലവകാരികളായിരുന്ന സ്വാതന്ത്ര്യ സമര സേനാനികളെ ഭരണം കയ്യാളിയ ശിഷ്യരായ സഖാക്കള്‍ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നതിന്റെ സാക്ഷിപത്രമായിരുന്നു മലയാറ്റൂരിന്റെ അഞ്ചുസെന്റ്.
ഇവിടെയും മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയുടെ സഹപാഠിയും സുഹൃത്തും നിഴലുമായിരുന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ജോയ് ശാസ്താംപടിക്കല്‍(മലയാള മനോരമ റസിഡന്റ് എഡിറ്റര്‍) അഞ്ചുസെന്റ് കിട്ടാതെ മരിച്ചിട്ട് വര്‍ഷങ്ങളായി. അദ്ദേഹത്തിന് ലഭിച്ച ആ അഞ്ചുസെന്റ് പട്ടയം സിവില്‍ സ്റ്റേഷന് സമീപം അനുവദിക്കപ്പെട്ട പദ്ധതി പ്രദേശത്ത് ജോയിയേട്ടന്റെ സ്മാരകത്തിനായി കാത്തുകിടക്കുകയാണ്. അവശേഷിക്കുന്ന 17 പത്രപ്രവര്‍ത്തകരും ജീവിത സായാഹ്നത്തില്‍ എത്തിക്കഴിഞ്ഞു. ഇവരുടെ മരണം കാത്തിരിക്കുകയാണ് സര്‍ക്കാര്‍.
ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് അഭിരമിക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ പുകഴ്ത്തുകയും ചെയ്യുന്ന ഇന്നും പത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു തലമുറയോട് രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും പത്രപ്രവര്‍ത്തക യൂണിയനും കാണിച്ച വഞ്ചനയുടെ, തട്ടിപ്പിന്റെ രക്തസാക്ഷികളാണ്(ജീവിച്ചിരിക്കുന്ന) ഈ മാധ്യമപ്രവര്‍ത്തകര്‍.
24 വര്‍ഷം മുന്‍പ് 50000 രൂപ കൊടുത്താല്‍ പാലക്കാട് ടൗണില്‍ എവിടെയും അഞ്ചുസെന്റ് ഭൂമി ആര്‍ക്കും കിട്ടുമായിരുന്നു. സര്‍ക്കാരിന്റെ ഔദാര്യം ഇന്നല്ലെങ്കില്‍ നാളെ കിട്ടുമെന്ന് കാത്തിരിക്കുന്ന ഈ മാധ്യമപ്രവര്‍ത്തകരോട് ജീവിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് എന്താണ് പറയാനുള്ളത്? ഭൂമിയുടെ പട്ടയം തന്ന ഇ.കെ നായനാര്‍ മരിച്ചുപോയെങ്കിലും അതിനുശേഷം മുഖ്യമന്ത്രിമാരായ എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയുമെല്ലാം സജീവ രാഷ്ട്രീയത്തിലുണ്ട്. വി.എസും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെ എല്ലാവരും ഈ ഭൂമി, അല്ലെങ്കില്‍, പകരം ഭൂമി നല്‍കുമെന്ന് പലയാവര്‍ത്തി ഉറപ്പു നല്‍കിയതാണ്. പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴും മുഖ്യമന്ത്രിയായ ശേഷവും പിണറായി എല്ലാം ശരിയാക്കാമെന്ന് പറഞ്ഞതാണ്. ഭൂമി കൈമാറുന്ന സന്ദര്‍ഭത്തില്‍ ധനമന്ത്രിയായിരുന്ന ശിവദാസമേനോനും റവന്യൂ മന്ത്രിയായിരുന്ന കെ.ഇ ഇസ്മായിലും ഇന്നും നമ്മോടൊപ്പമുണ്ട്. ഇവരെല്ലാം മുന്‍കൈ എടുത്താണ് അവരുടെ നാട്ടിലെ പത്രപ്രവര്‍ത്തകര്‍ക്ക് ഭവന നിര്‍മ്മാണ പദ്ധതി അനുവദിച്ചത്.
പട്ടയം ലഭിക്കുകയും ഭൂമിയുടെ ഉടമകളായി മാറുകയും കരം അടയ്ക്കുകയും ചെയ്ത ഒരാളെ പോലും കേള്‍ക്കാതെ ഭൂമി റദ്ദാക്കിയ ഹൈക്കോടതി ജഡ്ജിമാരും പ്രതിസ്ഥാനത്താണ്. സ്വാഭാവിക നീതിയുടെ നിഷേധം തന്നെയാണ് അവരും നടത്തിയത്.
മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിക്കുകയും ആവശ്യം കഴിയുമ്പോള്‍ കറിവേപ്പില പോലെ വലിച്ചെറിയുകയും ചെയ്യുക രാഷ്ട്രീയ പാര്‍ട്ടികളുടെ ശീലമാണ്. ഇപ്പറഞ്ഞ വഞ്ചന ഒരു സാധാരണക്കാരനോ, ഒരു കുത്തകയോ നടത്തിയിരുന്നെങ്കില്‍ സര്‍ക്കാരും പത്രപ്രവര്‍ത്തക യൂണിയനും ഉറഞ്ഞുതുള്ളുമായിരുന്നു. സ്വന്തം അവകാശം ചോദിച്ചുവാങ്ങാന്‍ കഴിയാത്ത പത്രപ്രവര്‍ത്തക യൂണിയന്‍ എങ്ങനെയാണ് മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത്? മരിച്ചുപോയ ജോയിയേട്ടന്‍ അടക്കം ഭൂമി ലഭിച്ച 18 പേരും പല കാലങ്ങളില്‍ പത്രപ്രവര്‍ത്തക യൂണിയന്റെ നേതാക്കളായി പ്രവര്‍ത്തിച്ചിരുന്നു. ഒരാള്‍ ഒഴികെ ബഹുഭൂരിപക്ഷവും ഇപ്പോഴും കെയുഡബ്ല്യുജെയിലെ അംഗങ്ങളാണ്. എന്നിട്ടും ഭൂമി നഷ്ടപ്പെട്ട, പണം നഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കെയുഡബ്ല്യുജെക്ക് ഇത്രയും വര്‍ഷമായിട്ടും കഴിഞ്ഞില്ല എന്നത് അപമാനവും മ്ലേച്ഛവുമാണ്.
ഭൂമി ഏറ്റുവാങ്ങിയ കെയുഡബ്ല്യുജെ കക്ഷി ചേരാതെ ഭൂമി ലഭിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് അത് കിട്ടാനുള്ള നിയമ സാധ്യത കുറവാണ്. ഭൂമി നഷ്ടപ്പെട്ട പ്രമുഖ പത്രപ്രവര്‍ത്തകരുടെ അന്നത്തെ അവസ്ഥ പരിതാപകരമായിരുന്നു. 50000 രൂപ അടയ്ക്കാനായി റബ്ബര്‍ ടാപ്പിംഗും വില്‍പനയും നടത്തിയ ഒരു സുഹൃത്ത് ഇക്കൂട്ടത്തിലുണ്ട്. മറ്റ് പലരും ഭാര്യമാരുടെ സ്വര്‍ണ്ണം വിറ്റിട്ടാണ് 50000 രൂപ വീതം അന്ന് നല്‍കിയത്. സര്‍ക്കാരിനടച്ച ഭൂമിയുടെ വിലയ്ക്കു പുറമെ ലക്ഷങ്ങള്‍ മുടക്കി പത്രപ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷന് അടുത്ത് ലഭിച്ച സ്ഥലത്തേക്ക് റോഡ് പണിതു. ആ റോഡിലൂടെയാണ് ഇന്ന് ജില്ലാ പഞ്ചായത്തിലേക്കും ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലേക്കും എക്‌സൈസ് ഓഫീസിലേക്കും പബ്ലിക് ലൈബ്രറിയിലേക്കും എല്ലാവരും പോകുന്നത്. കോടതികളുടെ ക്വാര്‍ട്ടേഴ്‌സും ഈ ഭാഗത്താണ്. ന്യായാധിപന്‍മാര്‍ക്കും ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനായി സ്വന്തം പോക്കറ്റില്‍ നിന്ന് വാങ്ങിയ ഭൂമിയില്‍ വഴിവെട്ടിക്കൊടുത്ത മാധ്യമ പ്രവര്‍ത്തകര്‍ ലോക ചരിത്രത്തില്‍ എവിടെയും ഉണ്ടാവില്ല. ആ റോഡിലൂടെ കടന്നുപോകുമ്പോഴെങ്കിലും നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഈ റോഡ് വെട്ടിയ മണ്ടന്‍മാരെക്കുറിച്ച് ഒന്ന് ചിന്തിച്ചിരുന്നെങ്കില്‍.
ഇപ്പോഴത്തെ മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടിയും എ.കെ ബാലനും പാലക്കാടിന്റെ പ്രതിനിധികളാണ്. ഇവരെങ്കിലും ഒന്ന് മനസ് വെച്ചിരുന്നെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈ ദുരന്തം സംഭവിക്കുമായിരുന്നില്ല.
ഇത് എഴുതുന്ന മാധ്യമ പ്രവര്‍ത്തകന് 35 വര്‍ഷം മാധ്യമ പ്രവര്‍ത്തനം നടത്തിയിട്ടും ഒരു സെന്റ് ഭൂമി സ്വന്തമായില്ലെന്ന് പറയേണ്ടിവരുന്നു. ഇതില്‍ പലരുടെയും അവസ്ഥ സമാനമാണ്. പ്രമുഖരായ മാധ്യമ പ്രവര്‍ത്തകരും ഇക്കൂട്ടത്തിലുണ്ട്. അവരില്‍ ചിലരുടെ പേരുകള്‍ കൂടി പറഞ്ഞ് ഈ ദുരന്തകഥ അവസാനിപ്പിക്കാം. ജോയ് ശാസ്താംപടിക്കല്‍(മലയാള മനോരമ), ഉണ്ണി കെ വാര്യര്‍(മലയാള മനോരമ), ഡി.അരുണ്‍ കുമാര്‍(മലയാള മനോരമ), പി.പി നാരായണന്‍ കുട്ടി(മലയാള മനോരമ), ടി.സോമന്‍(മാതൃഭൂമി), ദിലീപ് കുമാര്‍(മാതൃഭൂമി), ടി.വി ചന്ദ്രശേഖരന്‍(മാധ്യമം), വി.ജെയിന്‍(ദേശാഭിമാനി), രാധാകൃഷ്ണന്‍(ദേശാഭിമാനി), ജെയിംസ് കുട്ടന്‍ചിറ(ദീപിക), എ.സതീഷ്(ഇന്ത്യന്‍ എക്‌സ്പ്രസ്), കെ.കെ പത്മഗിരീഷ്(ജന്മഭൂമി), ഉബൈദുള്ള(സിറാജ്), രവി തൈക്കാട്(മുന്നേറ്റം), പട്ടത്താനം ശ്രീകണ്ഠന്‍(വീക്ഷണം), പി.സി സെബാസ്റ്റ്യന്‍(മംഗളം), എസ്.ജഗദീഷ് ബാബു(കേരള കൗമുദി).
കമ്പോള വില നിശ്ചയിച്ച് 1.12 ഏക്കര്‍ ഭൂമിയാണ് അന്ന് കൈമാറിയത്. ലേ ഔട്ട്, അഞ്ചുമീറ്റര്‍ റോഡ് എന്നിവയ്ക്കായി 22 സെന്റ് കഴിച്ച് ബാക്കി ഭൂമിയാണ് 18 പേര്‍ക്ക് അഞ്ചുസെന്റ് വീതം നല്‍കിയത്. എന്നുവെച്ചാല്‍ പത്രപ്രവര്‍ത്തകര്‍ പണം നല്‍കി വാങ്ങിയ ഭൂമിയിലാണ് നേരത്തെ പറഞ്ഞ റോഡ് സ്ഥിതി ചെയ്യുന്നത്. വെട്ടിയ ചെലവ് മാത്രമല്ല, റോഡിന്റെ ഉടമയും പത്രപ്രവര്‍ത്തകര്‍ തന്നെ. 1997 ഏപ്രില്‍ 10ന് പാലക്കാട് സബ് ട്രഷറിയില്‍ 5,60,000 രൂപ അടച്ചാണ് ഭൂമി കൈപ്പറ്റിയത്. ഭൂമി നികത്തല്‍, രജിസ്‌ട്രേഷന്‍, റോഡ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി അഞ്ചുലക്ഷത്തോളം രൂപ വേറെയും മുടക്കി. 4.3.97നാണ് ഭൂമി നല്‍കിയത്. 2006 ഒക്ടോബര്‍ 25നാണ് വില്‍പന റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടത്. നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമി നല്‍കുമെന്ന ആന്റണി മുതല്‍ പിണറായി വരെയുള്ള മുഖ്യമന്ത്രിമാരുടെ വാക്ക് വിശ്വസിച്ചാണ് ഇപ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ കഴിയുന്നത്.
'അപ്പോഴും അപകടത്തില്‍ മരിച്ചവന്റെ പോക്കറ്റില്‍ നിന്ന് തെറിച്ചുവീണ അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്' എന്ന് കവി എ.അയ്യപ്പന്‍ എഴുതിയതുപോലെ സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ നിന്ന് നാലര സെന്റ് പണം മുടക്കാതെ കെയുഡബ്ല്യുജെ സ്വന്തം പേരില്‍ അടിച്ചുമാറ്റുകയും ചെയ്തു. യൂണിയന്റെ ഈ തട്ടിപ്പിനെക്കുറിച്ച് പറയുമ്പോള്‍ അയ്യപ്പന്റെ വരികളല്ലാതെ എന്താണ് ഓര്‍മ്മിക്കാന്‍ കഴിയുക?
എല്ലാം ശരിയാക്കുമെന്ന് പ്രതിജ്ഞയെടുത്ത പിണറായി സര്‍ക്കാര്‍ ഈ ദുരന്തത്തിന് ഒരു പരിഹാരം കാണുമെന്ന് പ്രത്യാശിക്കുകയാണ് മാധ്യമ പ്രവര്‍ത്തകര്‍. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ജോയിയേട്ടന് പുറകെ ഈ 17 പേരുടെയും സ്മാരകം ഇവിടെ പണിയേണ്ടിവരും.
Comments (0)