ആലങ്ങാട് : അഴിമതിക്കേസിൽ നടപടി നേരിടുന്ന ഉദ്യോഗസ്ഥ സ്ഥലം മാറ്റ നിയമന കരട് ലിസ്റ്റിൽ ഉൾപ്പെട്ടത് വിവാദമാകുന്നു.ആലങ്ങാട് പഞ്ചായത്ത് അസ്സി എൻജിനീയർ ആയിരുന്ന അമലു വി ഗോപാലാണ് സസ്‌പെൻഷനിൽ ആയിരിക്കെ കൊച്ചി കോർപ്പറേഷനിൽ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച താൽക്കാലിക കരട് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.ഈ ഉദ്യോഗസ്ഥ പൂർത്തീകരിച്ച ആലങ്ങാട് പഞ്ചായത്തിലെ നാല് റോഡുകൾ പരിശോധന നടത്തിയപ്പോൾ വൻ തട്ടിപ്പാണ് പുറത്തു വന്നിട്ടുള്ളത്. തട്ടിപ്പിൽ പങ്കാളിയായ കോൺട്രാക്ടർ ചെയ്ത മുഴുവൻ റോഡുകളും ആറുമാസത്തിനുള്ളിൽ തന്നെ തകരാറിലായി. ഏകദേശം മൂന്നരക്കോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. തട്ടിപ്പ് നടത്തിയ സർക്കാറിന്റെ തുക തിരിച്ചുപിടിക്കണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട് . തട്ടിപ്പ് നടത്തിയ മുഴുവൻ റോഡുകളും അന്വേഷിക്കണമെന്ന് പരാതിയും നിലനിൽക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ മെറ്റീരിയലിന്റെ അളവ് കുറവ് സംബന്ധിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. ഈ അന്വേഷണം റിപ്പോർട്ട് ഒന്നും പരിഗണിക്കാതെയാണ് സസ്‌പെൻഷനിൽ ആയി മൂന്നു മാസത്തിനുള്ളിൽ അമലു വി ഗോപാലിന്റെ പേര് നിയമന കരടിൽ പ്രസിദ്ധീകരിച്ചത്. സസ്പെൻഡ് ചെയ്യപ്പെട്ടാൽ ആറുമാസം കഴിഞ്ഞെ പരിഗണിക്കാവൂ എന്നാണ് നിയമം .മാത്രമല്ല നടപടി ഉണ്ടായ അതേ ജില്ലയിൽ തന്നെ നിയമനം ഒരുകാരണവശാലും പാടില്ല. എച്ച് ആറിലൂടെ 10% വരെ അധികം ശമ്പളം ലഭിക്കുന്ന കൊച്ചിൻ കോർപ്പറേഷനിൽ ഒരു കാരണവശാലും പരിഗണിക്കാൻ പാടില്ല. ഇതൊക്കെ ലംഘിച്ചു കൊണ്ടാണ് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അമലു വി ഗോപാൽ പലയൂണിയനുകളിലായി മാറി മാറി അംഗത്വം എടുക്കുകയും അഴിമതിക്കാരായ ഒരു കൂട്ടം ഉദ്യോഗസ്ഥരുടെയും ചില ഉന്നതരുടെയും ഇടപെടലും കരട് ലിസ്റ്റിൽ ഈ ഉദ്യോഗസ്ഥ ഉൾപെട്ടതിനു പിന്നിലുണ്ടെന്ന ആരോപണവും ശക്തമാണ്.
ആലങ്ങാട് പഞ്ചായത്തിലെ ക്രമക്കേടിൽ സസ്പെൻഷനിലായ ഈ ഉദ്യോഗസ്ഥ നേരത്തെ കരുമാല്ലൂർ പഞ്ചായത്ത് എ ഇ ആയിരിക്കെ നടത്തിയ ഇ ടെണ്ടർ തട്ടിപ്പു,റിപ്പബ്ലിക് കനാൽ റോഡ് നിർമാണത്തിലെ അഴിമതി എന്നീ പരാതികളിലും വിജിലൻസ് അന്വേഷണം നേരിട്ട് വരികയാണ്. ഇവ പൂർത്തിയാക്കാതെ സസ്പെൻഡ് ചെയ്യപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ അമലു വി ഗോപാലിന്റെ പേര് കരട് ലിസ്റ്റിൽ വന്നത് അന്വേഷിക്കണമെന്നും സഹായിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും റസിഡൻസ് അസോസിയേഷനുകളും മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
Comments (0)