ഇരുകാലുകളും തളർന്ന പ്രമോദിന് സഹായഹസ്തവുമായി സൗഹൃദ വേദി

ഇരുകാലുകളും തളർന്ന പ്രമോദിന് സഹായഹസ്തവുമായി സൗഹൃദ വേദി


 തകഴി: ജന്മനാ ഇരുകാലുകളും തളർന്ന തകഴി പഞ്ചായത്ത് കേളമംഗലം ശ്രീരംഗത്തിൽ എസ് പ്രമോദ് കുമാറിന് (43) സഹായഹസ്തവുമായി സൗഹൃദ വേദി. 

കുടുംബ  പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പ്രമോദും സഹോദരിയും അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചുള്ള  വാർത്ത   ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്  ജില്ല ലീഗൽ സർവ്വീസ് അതോറിറ്റി  സെക്രട്ടറിയും സബ് ജഡ്ജിയുമായ എം.ടി ജലജ റാണി ഇടപെടുകയും വിവരശേഖരണം നടത്തുകയും ചെയ്തിരുന്നു.


സബ് ജഡ്ജി  എം.ടി ജലജ റാണി നിയോഗിച്ച ഉദ്യോഗസ്ഥൻ തോമസ് ജോൺ പ്രമോദ് കുമാറിൻ്റെ ഭവനം സന്ദർശിച്ച വേളയിൽ സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള, എ.ജെ.കുഞ്ഞുമോൻ, രാജു ചക്രപാണി, ജിജി സേവ്യർ, അനീഷ് ആനന്ദ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. പ്രമോദിൻ്റെ വീടിൻ്റെ ശോചനീയവസ്ഥ നേരിട്ട് മനസ്സിലാക്കിയതിനെ തുടർന്നാണ് വീടിൻ്റെ അറ്റകുറ്റ പണികൾ നടത്തി   ശൗചാലയം നിർമ്മിച്ചു കൊടുക്കാൻ സൗഹൃദ വേദി തയ്യാറായത്. സുമനസ്സുകളായ വ്യക്തികളുടെ സഹായ സഹകരണത്തോട്  നിർമ്മാണ പ്രവർത്തനങ്ങൾക്ക്    ഫെബ്രുവരി 28 തിങ്കൾ  രാവിലെ 8.30ന്   തുടക്കമാകും.

61% അംഗ പരിമിതിയുള്ള പ്രമോദ് (43) മുട്ടിൽ ഇഴഞ്ഞ് ആണ് ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് നീങ്ങുന്നത്.പണി പൂർത്തിയാകാത്ത വീടിന് നിലവിൽ മുറിയോട് ചേർന്ന് ശൗചാലയം ഇല്ല.

55 ശതമാനത്തിലധികം വൈകല്യം ഉള്ളതിനാലും പരാശ്രയം ഇല്ലാതെ കഴിയാൻ പറ്റാഞ്ഞതു കൊണ്ടും കുടുംബ പെൻഷൻ  ലഭിക്കേണ്ടതാണ്. പിതാവ് കാസർകോട് കുമ്പള ഗവ.എൽ.പി സ്കൂൾ പ്രധാന അധ്യാപകനായിരുന്നു.1992 മാർച്ച് 31ന് ആണ് വി.ശ്രീധരൻ സർവ്വീസിൽ നിന്നും വിരമിച്ചത്.

പ്രമോദിൻ്റെ സഹോദരിയെ ഭർത്താവ് ഉപേക്ഷിച്ചതു മൂലം സഹോദരിയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരിയുടെ മകളും പ്രമോദിനോടൊപ്പമാണ് താമസം.പ്രമോദ് അവിവാഹിതനാണ്.ശ്രീധരൻ്റെ മരണശേഷം ഭാര്യ കെ. സാവിത്രിക്ക് കുടുംബപെൻഷൻ ലഭിക്കുകയും ചെയ്തു.ഇത് മാത്രമായിരുന്നു ഏക വരുമാനം.

2020 ജനുവരി രണ്ടിന് സാവിത്രി മരിച്ചതോടെ സാവിത്രിയുടെ മക്കളുടെ ജീവിതം ദുരിതപൂർണ്ണമായി. പ്രളയത്തിൽ തകർന്ന കൂരയ്ക്കുള്ളിൽ കഴിയുന്ന ഇവരുടെ ജീവിത മാർഗ്ഗം നിലച്ചതോടെയാണ് കുടുംബപെൻഷൻ ലഭിക്കാൻ ശ്രമം തുടങ്ങിയത്.

നമ്മുടെ ചെറിയ സഹായം ഇവർക്ക് വലിയ ആശ്വാസമാണ്.

പ്രമോദിൻ്റെ അക്കൗണ്ട് നമ്പർ:
തകഴി ഫെഡറൽ ബാങ്ക് 10740100178788 , IFSC. FDRL 0001074 , ഫോൺ .9605639428