കക്കയിൽ പതിമൂന്നുകാരിയുടെ കാലിഗ്രഫി വിസ്മയം .

കക്കയിൽ പതിമൂന്നുകാരിയുടെ  കാലിഗ്രഫി വിസ്മയം .

.

തൃശൂർ ∙ കക്കയിൽ പതിമൂന്നുകാരി തീർത്ത അറബിക് കാലിഗ്രഫിയുടെ ലോകം ശ്രദ്ധേയമാകുന്നു. ഖുർആനിലെ സൂക്തങ്ങൾ കാലിഗ്രഫി ചിത്രരചനാ രീതിയി‍ൽ വരയ്ക്കുന്ന റിന ഫാത്തിമയെ തേടി കാലിഗ്രഫി സ്നേഹികളായ ഒട്ടേറെ പേരാണെത്തുന്നത്. അക്ഷരങ്ങൾക്കൊണ്ട് ചിത്രങ്ങൾ തീർക്കുന്നതാണ് കാലിഗ്രഫി. പെൻസിൽ ഡ്രോയിങ്ങും അക്രിലിക് പെയിന്റിങ്ങും ചെയ്തിരുന്ന റിന കാലിഗ്രഫിയുടെ ലോകത്തേക്കു തിരിഞ്ഞതു ഒരു വർഷം മുൻപാണ്. നിരന്തര പരിശീലനത്തിലൂടെയാണ് പഠിച്ചെടുത്തത്.

പല പ്രതലത്തിലും വരച്ച റിന ഇപ്പോൾ കക്കയിൽ എഴുതിയ സൂക്തം ശ്രദ്ധേയമാണ്. ഖുർആനിലെ ഏറ്റവും വലിയ സൂക്തമാണ് കക്കയിൽ 25 വരികളിലായി എഴുതിയത്. കക്കയുടെ പ്രതലത്തിൽ വരി തെറ്റാതെ ഇത് എഴുതിയെടുക്കുക എന്നതായിരുന്നു വെല്ലുവിളി. നേരത്തെ സൗഹൃദ വലയത്തി‍ലുള്ളവർക്കു മാത്രമായിരുന്നു ഇവ വരച്ചു നൽകിയിരുന്നത്. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചതോടെ ഒട്ടേറെ പേർ അന്വേഷണവുമായെത്തി. കാലിഗ്രഫിയും വരയ്ക്കുന്ന പുത്തൻ രീതികളും പെയിന്റുകളെക്കുറിച്ചുമെല്ലാം പഠിക്കുകയാണു ലക്ഷ്യം.

കാലിഗ്രഫി വരുമാനമായി മാറിത്തുടങ്ങിയതും പുതിയ സന്തോഷമാണ്. പാട്ടുരായ്ക്കൽ ദേവമാതാ സ്കൂളിലെ വിദ്യാർഥിയായ റിന കാട്ടൂർ തളിയപ്പാടത്തു ഹമീദ് അബ്ദുള്ളയുടെയും പെരിങ്ങോട്ടുകര വലിയകത്തു ഫാത്തിമയുടെയും മകളാണ്. യു ട്യൂബാണു കാലിഗ്രഫിയിലെ ഗുരു. അതിലൂടെ അന്വേഷിച്ചു കണ്ടെത്തുന്ന വഴികളാണു ഫാത്തിമയെ ഇപ്പോൾ കാലിഗ്രഫിയുടെ ലോകത്തേക്കു നയിക്കുന്നത്.