കാര്‍ഗില്‍ ദിനാചരണവും അനുമോദന സദസ്സും

കാര്‍ഗില്‍ ദിനാചരണവും അനുമോദന സദസ്സും

(കാർഗിൽ അനുസ്മരണ ദിനത്തോടനുബന്ധിച് പ്രത്യേകം തയ്യാറാക്കിയ സ്‌മൃതി മണ്ഡപത്തിൽ കുന്ദംകുളം ഡി.വൈ.എസ്.പി. സിനോജ് പുഷ്പചക്രം അർപിക്കുന്നു.)

 

(എന്‍.സി.സി. ദേശീയ പുരസ്‌കാര ജേതാവ് അമല്‍ ബിജുവിനു തൃശൂർ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജോ ജോസ് പുരസ്‌കാരം സമര്‍പിക്കുന്നു)

 

തൃശൂര്‍: പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ 24 കേരള എന്‍. സി. സി. ബറ്റാലിയന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ ദിനാചരണവും എന്‍. സി. സി. ദേശീയ പുരസ്‌കാരം നേടിയ അമല്‍ ബിജുവിനെ ആദരിക്കുന്ന അനുമോദന ചടങ്ങും നടത്തി. വിദ്യാലയ സമുച്ഛയത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപത്തില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച ജവാന്‍മാര്‍ക്ക് കുന്ദംകുളം ഡി.വൈ.എസ്.പി. സിനോജ് പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ പുഷ്പാര്‍ച്ചന നടത്തി. ത്യാഗീശാനന്ദ ഓഡീറ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനം അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സ്വാമി സദ്ഭവാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഭാരതാംബയെ രക്ഷിക്കാന്‍ കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരിക്കുന്ന വീര ജവാന്മാര്‍ ഭാരതത്തിന്റെ അഭിമാനമാണെന്നും സ്വാമി വിവേകാനന്ദന്‍ സൂചിപ്പിച്ചതു പോലെ സുവര്‍ണ്ണ സിംഹാസനത്തില്‍ വാണരുളുന്ന അമ്മയെ പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കും അവസരം കൊടുക്കരുതെന്നും സ്വാമിജി ഓര്‍മ്മിപ്പിച്ചു. തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജോ ജോസ് കാര്‍ഗില്‍ ദിന സന്ദേശവും അമല്‍ ബിജുവിനു പുരസ്‌കാര സമര്‍പ്പണവും നടത്തി. എന്‍.സി.സി. ഓഫീസര്‍ ആര്‍.പ്രവീണ്‍, പി.ടി.എ പ്രസിഡന്റ് കെ.വി.രാമദാസ്, ഹെഡ്മാസ്റ്റര്‍ വി.എസ്.ഹരികുമാര്‍, പ്രിന്‍സിപ്പാള്‍ എം.കെ.ബിന്ദു, എല്‍.പി. എച്ച്.എം. ടെസ്സി, സ്റ്റാഫ് സെക്രട്ടറി സി.മനോജ്, ദേശീയ പുരസ്‌കാര ജേതാവ് അമല്‍ ബിജു എന്നിവര്‍ സംസാരിച്ചു.