ഹാരിസ് പോലീസുകാരൻ മാത്രമല്ല - അജിതാ ജയ്ഷോർ

ഹാരിസ് പോലീസുകാരൻ മാത്രമല്ല - അജിതാ ജയ്ഷോർ

ആലപ്പുഴ :കായംകുളം പോലീസ് സ്റ്റേഷനിലെ ഹാരിസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ കേരള പോലീസിന് മാത്രമല്ല അവശത അനുഭവിക്കുന്ന വീടില്ലാത്ത സാധാരണക്കാരനും  ഒരു അത്താണിയാണ്. ജീവിക്കാൻ മാത്രമല്ല മരിച്ചു കഴിഞ്ഞാൽ അടക്കം ചെയ്യാൻ ഒരുതുണ്ട് ഭൂമിപോലും ഇല്ലാത്തവർക്ക് കൂടി ദുഃഖം തന്നാലാവുന്ന വിധം പരിഹരിക്കാൻ ശ്രമിച്ച ഹാരിസ് ഇന്ന് കേരളക്കരയിൽ സാധാരണക്കാർ നെഞ്ചിലേറ്റുന്ന വ്യക്തി കൂടിയാണ്.  പൊതുവേ ജനങ്ങളുടെ ഇടയിൽ പോലീസുകാർക്ക് എന്നും അസഭ്യങ്ങളും മുൾക്കിരീടങ്ങളും മാത്രമാണ് ലഭിക്കാറ്. അതിനു സാഹചര്യം സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥർ സേനയിൽ ഉണ്ട് എന്നതിൽ തർക്കവുമില്ല. എന്നാൽ സ്വന്തമായി തലചായ്ക്കാൻ സ്ഥലമോ, വീടോ ഇല്ലാത്ത കായംകുളം ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടിക്ക് എ. എസ്സ്. ഐ യും ജനമൈത്രിയുടെ ചുമതലക്കാരനുമായ ഹാരിസ് വള്ളിക്കുന്നത്തെ തന്റെ ഭൂമിയിൽ നിന്നും 5 സെന്റ് കുട്ടിയുടെ പേരിൽ രജിസ്റ്റർ ചെയ്തു നൽകി കാക്കിയുടെ മഹത്വം മറ്റുള്ളവരെ ഓർമ്മപ്പെടുത്തുകയാണ് ചെയ്തത്.  ജനുവരി 29 ന് അഞ്ചുമണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ആണ് രേഖകൾ കുട്ടിക്ക് കൈമാറ്റം ചെയ്തത്.

ആലപ്പുഴ പോലീസ് സഹകരണ സംഘത്തിന്റെ പൂർണ്ണ പിന്തുണയോടെ മാതൃകാപരമായ ഈ തീരുമാനം നടപ്പാക്കിയതിൽ സേനയിലെ ഓരോ പോലീസുകാരനും അഭിമാനിക്കാം.കായംകുളം എം.എൽ.എ യും പ്രതിഭാഹരി അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സേനയിലെ ഉയർന്ന  ഉദ്യോഗസ്ഥന്മാർ ഉൾപ്പെടെ നിരവധി സഹപ്രവർത്തകർ പങ്കെടുത്തു എങ്കിലും ഹാരിസിനെ സംബന്ധിച്ച് ഇദ്ദേഹം ജനമൈത്രി പരിധിയിൽ ഇതുപോലെ വളരെയധികം പേർ കഷ്ടപ്പാട് അനുഭവിക്കുന്നുണ്ട്. അവരുടെയെല്ലാം വിഷമങ്ങൾ പൊതു ശ്രദ്ധയിലേക്ക് കൊണ്ടുവരികയും അതിനെല്ലാം ഒരു പരിധിവരെ പരിഹാരം കാണാൻ ഈ എളിയ പ്രവർത്തി കാരണമാകുമെങ്കിൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുക എന്നതും സേനയിലെ മറ്റുള്ള ഉദ്യോഗസ്ഥരെയും ഇത്തരം കാര്യങ്ങളിൽ പങ്കാളികളാക്കുക എന്നതുകൂടി ആണ് അദ്ധേഹത്തിന്‍റെ  ലക്ഷ്യം.  ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയുടെ അവസ്ഥ വീട്ടിൽ പറഞ്ഞപ്പോള്‍  തന്റെ ഭാര്യയും, കുടുംബവും, മേൽ ഉദ്യോഗസ്ഥരും തനിക്ക് തന്ന പൂർണ്ണ പിന്തുണ ആണ് ഹാരിസിനെ ഏറ്റവും കൂടുതൽ സന്തോഷവാനാക്കിയതും.