മുംബൈ കന്യാകുമാരി ദേശീയ പാതാവികസനം; ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതീക്ഷയോടെ കേരളം

മുംബൈ കന്യാകുമാരി ദേശീയ പാതാവികസനം; ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതീക്ഷയോടെ കേരളം

കൊച്ചി: മുംബൈയില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള 1760 കിലോമീറ്റര്‍ നീളമുള്ള ദേശീയ പാത 66 വീതി കൂട്ടി ആറുവരിയാക്കുന്നതിന്‍റെ ഭാഗമായാണ് കേരളത്തിന് ദേശീയ പാത വികസനത്തിനായുള്ള വന്‍ പദ്ധതി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത്. കാസര്‍കോട് നിന്നും പൊന്നാനി വഴി ഇടപ്പള്ളിയിലെത്തുന്ന ദേശീയ പാത 66ന്‍റെ വികസനമാണ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നടപ്പാക്കുന്നത്. മുംബൈ കന്യാകുമാരി സാമ്ബത്തിക ഇടനാഴിയെന്ന് വിശേഷിപ്പിക്കുന്ന ഈ പാത പൂര്‍ത്തിയാകുന്നതോടെ വലിയ മാറ്റം കേരളത്തിന്‍റെ ഗതാഗത മേഖലയിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

മുംബൈയില്‍ നിന്നും കന്യാകുമാരിയിലേക്കും തിരിച്ചും ചരക്ക് നീക്കം വേഗത്തിലാക്കാനാണ് ആറുവരി പാത.

നിലവിലെ ദേശീയ പാത 66 നെ ആറുവരി പാതയായി ഉയര്‍ത്തി ഭാരത് മാല പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. മംഗലാപുരവും കണ്ണൂരും കോഴിക്കോടും കൊച്ചിയും ആലപ്പുഴയും കൊല്ലവും തിരവനന്തപുരവുമെല്ലാം ഈ ആറുവരി പാതയുടെ ഭാഗമാകും. ദേശീയ പാത 66 ന്‍റെ വീതി കൂട്ടിയും ബൈപാസുകള്‍ നിര്‍മ്മിച്ചുമാണ് പദ്ധതി നടപ്പാക്കുക. പദ്ധതി പൂര്‍ത്തിയായാല്‍ കേരളത്തിന്‍റെ വികസന രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകും. എന്നാല്‍ നിലവില്‍ തുടങ്ങിവെച്ച പദ്ധതിയാണ് കേന്ദ്ര ബജറ്റിലൂടെ വീണ്ടും വന്നതെന്നാണ് സംസ്ഥാനത്തിന്‍റെ വിമര്‍ശനം

മംഗലാപുരത്തിലൂടെ കേരള അതിര്‍ത്തിയിലേക്ക് കടക്കുന്ന ദേശീയ പാത 66ന്‍റെ എറണാകുളം ഇടപ്പള്ളി വരെയുള്ള ഭാഗത്ത് വീതിയില്ലാത്തതാണ് പ്രധാന വെല്ലുവിളി. പലയിടത്തും സ്ഥലമെടുപ്പ് നടപടികള്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. 45 മീറ്ററിനപ്പുറം വീതികൂട്ടാന്‍ അനുവദിക്കില്ലെന്ന നാട്ടുകാരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

പദ്ധതി നടപ്പായാല്‍ കേരളത്തിന്‍റെ പടിഞ്ഞാറന്‍ തീരത്ത് സമാനതകളില്ലാത്ത വികസനമാകും ഉണ്ടാവുക. കേരളത്തിന്‍റെ നിരവധി പട്ടണങ്ങളിലൂടെ ആറുവരി പാത കടന്നു പോകുന്നത് ഗതാഗത രംഗത്ത് വലിയ മാറ്റം ഉണ്ടാക്കും. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഭാരത് മാല പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലും ദേശീയ പാത വികസനം നടപ്പാക്കുന്നത്. മുംബൈ - ദില്ലി, ചെന്നൈ - ബെംഗളൂരു പാതകള്‍ക്ക് സമാനമായ പദ്ധതിയാണ് കേരളത്തിലൂടെ കടന്നു പോകുന്ന മുംബൈ കന്യാകുമാരി സാമ്ബത്തിക ഇടനാഴിയുടെ നിര്‍മ്മാണത്തിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ അവകാശ വാദം.