ദേശീയപാത നിര്‍മ്മാണത്തിന് ചെലവിട്ടതിനേക്കാള്‍ തുക പിരിച്ചുകഴിഞ്ഞു; പാലിയേക്കര ടോള്‍ പിരിവിനെതിരെ ഹര്‍ജി; ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ പിരിവിന് എതിരെ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഹര്‍ജി നല്‍കിയ ഷാജി കോടങ്കണ്ടത്ത്, ടി.കെ. സനീഷ് കുമാര്‍ എന്നിവര്‍ക്ക് ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി പിന്‍വലിച്ചു.
ദേശീയപാതാ നിര്‍മ്മാണത്തിന് ചെലവിട്ടതിനെക്കാള്‍ തുക പാലിയേക്കര ടോള്‍ പ്ലാസയില്‍ പിരിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍, അഭിഭാഷകന്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ വാദിച്ചു.
മണ്ണുത്തി- ഇടപ്പള്ളി ദേശീയപാത നിര്‍മ്മാണത്തിന് 721.174 കോടിയാണ് ചെലവിട്ടത്. 2012 ഫെബ്രുവരി ഒമ്ബതിനാണ് ടോള്‍ പിരിവ് തുടങ്ങിയത്. ഈ വര്‍ഷം ജൂലൈ വരെ 801.60 കോടി ലഭിച്ചതായി വിവരാവകാശ രേഖയിലൂടെ വ്യക്തമായി. എം.ഒ.ടി. കരാര്‍ വ്യവസ്ഥ പ്രകാരം നിര്‍മ്മാണ ചെലവ് ലഭിച്ചാല്‍ ടോള്‍ സംഖ്യയുടെ 40 ശതമാനം കുറയ്ക്കേണ്ടതാണ്. എന്നാല്‍ ഇത് ഉണ്ടായിട്ടില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ പറഞ്ഞു.
എന്നാല്‍ വിഷയം ആദ്യം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണെന്ന് ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, നവീന്‍ സിന്‍ഹ, കെ.എം. ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
Comments (0)