ഓട്ടോ ഡ്രൈവറില്‍ നിന്നും ഡോക്ട്രറേറ്റിലേക്കുള്ള ദൂരം ആര്‍ക്കും ആര്‍ജ്ജിക്കാമെന്നതിന്റെ തെളിവ്.
പുലിക്കുന്ന് : സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി പുലിക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവര്‍ മനോഹരന്‍. ഇനി ഡോക്ടര്‍ മനോഹരന്‍ എന്നറിയപ്പെടും. അധ്യാപകന്‍ ആകണമെന്ന അതിയായ ആഗ്രഹം കഠിനപ്രയത്‌നത്തിലൂടെ നേടിയെടുത്തിരിക്കുകയാണ് മനോഹരന്‍. മുണ്ടക്കയം സ്വദേശിയാണ് മനോഹരന്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഗ്രഹിച്ച സമയത്ത് അധ്യാപകനാകാന്‍ മനോഹരന് സാധിച്ചിരുന്നില്ല. എന്നാല്‍, തന്റെ ആഗ്രഹം മനോഹരന്‍ പാതിവഴിയില്‍ ഉപേക്ഷിച്ചില്ല. മറ്റു പല ജോലികളും ചെയ്യേണ്ടി വന്നെങ്കിലും അധ്യാപന ജീവിതമെന്ന സ്വപ്‌നത്തിലേക്ക് നടന്നടുത്തിരിക്കുകയാണ് മനോഹരനിപ്പോള്‍. കേരള സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ആണ് മനോഹരന്‍ ഡോക്ടറേറ്റ് നേടിയത്. 2005 ല്‍ ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. 2008 കാര്യവട്ടം കാമ്പസില്‍ നിന്ന് പിജിയും എംഫില്ലും പൂര്‍ത്തിയാക്കി. ഓട്ടോറിക്ഷ ഓടിക്കുന്ന ഇടവേളകളിലാണ് മനോഹരന്‍ പഠിച്ചിരുന്നത്. ഓട്ടോ ഓടിക്കുകയും വാര്‍ക്ക പണിക്ക് പോവുകയും ചെയ്താണ് മനോഹരന്‍ പഠിച്ചിരുന്നത്. പി.എച്ച്.ഡിയില്‍ മനോഹരന്‍ തിരഞ്ഞെടുത്ത വിഷയവും കൈയ്യടി അര്‍ഹിക്കുന്നതാണ്. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് ഉള്ളതായിരുന്നു ആ വിഷയം. താന്‍ തിരഞ്ഞെടുത്ത വിഷയമായ 'പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള സര്‍ക്കാര്‍ പദ്ധതി' അടക്കമുള്ള, സമാന പദ്ധതികളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള അറിവില്ലായ്മയാണ് പ്രധാന പ്രശ്‌നമെന്ന് മനോഹരന്‍ പറയുന്നു. ഒരുദിവസമെങ്കിലും വര്‍ഷങ്ങളായുള്ള ആഗ്രഹം പോലെ ഒരു അധ്യാപകനാകാന്‍ കഴിഞ്ഞാല്‍ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് തന്റെ തീരുമാനമെന്ന് മനോഹരന്‍ പറയുന്നു.
Comments (0)