കാരുണ്യ ഹസ്തവുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍; പ്രളയബാധിതര്‍ക്ക് 14 വീടുകള്‍ കൈമാറി

കാരുണ്യ ഹസ്തവുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍; പ്രളയബാധിതര്‍ക്ക് 14 വീടുകള്‍ കൈമാറി

വയനാട് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കിയ ഭവനങ്ങളുടെ താക്കോല്‍ദാനം ജമാഅത്തെ ഇസ്‍ലാമി ജനറല്‍ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ നിര്‍വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ കാപ്പംകൊല്ലിയിലാണ് 14 കുടുംബങ്ങള്‍ക്കായി വീടുകള്‍ ഒരുങ്ങിയത്.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരാണ് ഈ 14 കുടുംബങ്ങളും. ഇവര്‍ക്കാവശ്യമായ സ്ഥലം കണ്ടെത്തി, വീട് നിര്‍മിച്ചു നല്‍കുകയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയ്തത്. കുടുംബങ്ങളുടെ പുനരധിവാസത്തിന് ആദ്യഘട്ടം മുതല്‍ തന്നെ ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചിരുന്നു.

കോവിഡ് കാലമായിട്ടും യുദ്ധകാലാടിസ്ഥാനത്തിലാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച്‌, കുടുംബങ്ങള്‍ക്ക് കൈമാറിയത്. മേപ്പാടി പഞ്ചായത്തിലെ രണ്ടിടങ്ങളിലായി 24 വീടുകളാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കുന്നത്. ഇതില്‍ പൂത്തക്കൊല്ലിയിലെ പത്ത് വീടുകളുടെ നിര്‍മാണം പുരോഗമിയ്ക്കുകയാണ്. ചടങ്ങില്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.കെ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം.എ. അബ്ദുള്‍ മജീദ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരയ്ക്കാര്‍ അതിഥിയായി. പദ്ധതിയ്ക്ക് സൗജന്യമായി ഭൂമി നല്‍കിയ യൂസഫ് ഹാജിയെ ചടങ്ങില്‍ ആദരിച്ചു.