ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ബില്‍ പാസായി

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ബില്‍ പാസായി

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാല ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി. ബില്‍ നിയമമായതോടെ സംസ്ഥാനത്തെ വിദൂരവിദ്യാഭ്യാസ പഠനത്തിനുള്ള ഏക സര്‍വകലാശാലയാകുമിത്. മറ്റു സര്‍വകലാശാലകളില്‍ പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ രജിസ്ട്രേഷന്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ അനുവദിക്കില്ല. ഇതിനുള്ള വ്യവസ്ഥയോടെയാണ് ഓപ്പണ്‍ സര്‍വകലാശാലാ ബില്‍ പാസാക്കിയത്. നിലവില്‍ മറ്റ് സര്‍വകലാശാലകളില്‍ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷന്‍ രീതിയില്‍ പഠനം നടത്തിയവര്‍ക്കും രജിസ്റ്റര്‍ ചെയ്തവര്‍ക്കും പഠനം പൂര്‍ത്തിയാക്കാം. മന്ത്രി ഡോ. കെ ടി ജലീലാണ് ബില്‍ അവതരിപ്പിച്ചത്.

ഓര്‍ഡിനന്‍സിലും സഭയില്‍ അവതരിപ്പിച്ച ബില്ലിലും സര്‍വകലാശാലയ്ക്ക് ആദ്യഘട്ടത്തില്‍ ഒമ്ബത് പഠന സ്കൂളാണ് വ്യവസ്ഥ ചെയ്തിരുന്നത്. സബ്ജക്‌ട് കമ്മിറ്റി പരിശോധനയ്ക്ക് ശേഷം സഭ അംഗീകരിച്ച ബില്ലില്‍ ഇത് എട്ട് സ്കൂളാക്കി. നേരത്തെ ഉണ്ടായിരുന്ന ‘സ്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ആന്‍ഡ് പബ്ലിക് പോളിസി സ്റ്റഡീസ്’ എന്നത് സ്കൂള്‍ ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പോളിസി റിസര്‍ച്ച്‌ എന്ന പേരിലേക്ക് മാറ്റി.

ഓപ്പണ്‍ സര്‍വകലാശാല വിസി നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധിയും 65ല്‍നിന്ന് 60 വയസ്സാക്കി. സിന്‍ഡിക്കറ്റിലേക്ക് ഇതര സര്‍വകലാശാലാ മാതൃകയില്‍ നിയമസഭാ സാമാജികരില്‍നിന്ന് തെരഞ്ഞെടുക്കുന്ന ഒരംഗത്തെ ഉള്‍പ്പെടുത്താനും അന്തിമ ബില്ലില്‍ വ്യവസ്ഥ കൊണ്ടുവന്നു. രജിസ്റ്റര്‍ചെയ്ത വിദ്യാര്‍ഥികളില്‍നിന്ന് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരു വിദ്യാര്‍ഥിയെയും സിന്‍ഡിക്കറ്റില്‍ ഉള്‍പ്പെടുത്തും. സൈബര്‍ കൗണ്‍സില്‍ സംവിധാനവും ഓപ്പണ്‍ സര്‍വകലാശാലയിലുണ്ടാകും.

ബില്‍ ചരിത്രസംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വിദൂര വിദ്യാഭ്യാസ സമ്ബ്രദായത്തിലൂടെ എല്ലാ വൈജ്ഞാനിക മേഖലകളിലും എല്ലാവിഭാഗം ജനങ്ങള്‍ക്കും ഉന്നതവിദ്യാഭ്യാസ യോഗ്യതയും ഉന്നത വിദ്യാഭ്യാസ നൈപുണ്യവും പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ പിന്തുണയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.