താമസം കോളനിയില്‍; റേഷന്‍ കാര്‍ഡ് മുന്‍ഗണനേതരം
കൊല്ലങ്കോട്: മുന്‍ഗണനേതര റേഷന്‍ കാര്‍ഡുകളുമായി കോളനിവാസികള്‍ ദുരിതത്തില്‍ത്തന്നെ.
ചെമ്മണാമ്ബതി വടക്കേകോളനി, പെരുഞ്ചിറ കോളനി, ചെമ്മണന്തോട് കോളനി, ഗോവിന്ദാപുരം അംബേദ്കര്‍ കോളനി, പുതൂര്കോളനി, പറത്തോട്, പുത്തന്‍പാടം എന്നീ കോളനികളിലാണ് ഓലക്കുടിലില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണനേതര റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചിട്ടുള്ളത്.
റേഷന്‍ കാര്‍ഡില്ലാതെ രണ്ട് പതിറ്റാണ്ടിലധികമായുള്ള കാത്തിരിപ്പിനുശേഷം ലഭിച്ച റേഷന്‍ കാര്‍ഡും മുന്‍ഗണനേതര വിഭാഗത്തിലായിമാറി. ബി.പി.എല്‍ കാര്‍ഡാക്കാന്‍ ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല.
ചെമ്മണന്തോട് കോളനിവാസികളോട് മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലാക്കുമെന്ന് രാഷ്ട്രീയപാര്‍ട്ടികളും ഉദ്യോഗസ്ഥരും ഉറപ്പ് നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല.
വീടും പട്ടയവുമില്ലാതെ 40 കുടുംബങ്ങളാണ് ചെമ്മണത്തോട് കോളനിയില്‍ കഴിയുന്നത്. ചെമ്മണാമ്ബതി, കൊല്ലങ്കോട്, തേക്കിന്‍ചിറ, പറത്തോട് എന്നീ കോളനികളിലും റേഷന്‍ കാര്‍ഡിലെ അപാകതകള്‍ മൂലം ആദിവാസി വിഭാഗങ്ങള്‍ വരെ ദുരിതത്തിലാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രശ്നം പരിഹരിക്കുമെന്ന കോളനിവാസികളോടുള്ള ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പോലും ഇവര്‍ക്ക് ലഭിക്കാതാകുന്നതിനാല് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ക്കായി കോളനിവാസികളുടെ കാത്തിരിപ്പ് തുടരുകയാണ്.
Comments (0)