ജനജീവിതം സാധാരണ നിലയിലെത്തുമ്പോഴും ദുരിതം പേറി ട്രെയിന്‍ യാത്രക്കാര്‍

ജനജീവിതം സാധാരണ നിലയിലെത്തുമ്പോഴും   ദുരിതം പേറി ട്രെയിന്‍ യാത്രക്കാര്‍

കൊച്ചി: കോവിഡു​കാല ഇളവിനെത്തുടര്‍ന്ന്​ ഓഫിസുകളും മറ്റ്​ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുതുടങ്ങിയെങ്കിലും ദുരിതംമാറാതെ ട്രെയിന്‍ യാത്രക്കാര്‍. ട്രെയിനില്‍ 200 രൂപയുടെ സീസണ്‍ ടിക്കറ്റ് എടുത്ത് ഒരുമാസം സഞ്ചരിച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ 4000 രൂപക്ക് മുകളിലാണ് യാത്രച്ചെലവ്. പാസഞ്ചര്‍ ട്രെയിനുകള്‍ ഇല്ലാതായതോടെ തൊഴില്‍തന്നെ ഉപേക്ഷിക്കേണ്ടിവന്നവരും നൂറുകണക്കിന്. ദുരിതം നീളുമ്ബോഴും ട്രെയിനുകളിലെ അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകളും പാസഞ്ചര്‍ സര്‍വിസുകളും അനുവദിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കണമെന്നതാണ് ​ട്രെയിന്‍ യാത്രക്കാരുടെ ആവശ്യം. ദുരന്ത നിവാരണ വകുപ്പ് അനുവദിക്കാതെ കേന്ദ്രത്തോട് ആവശ്യം ഉന്നയിക്കാന്‍ കഴിയില്ലെന്നാണ്​ സംസ്ഥാന സര്‍ക്കാര്‍ നിലപാട്​.

റിസര്‍വേഷനിലൂടെ മാത്രമാണ് ഇപ്പോള്‍ ട്രെയിന്‍ യാത്രസൗകര്യം. പാലരുവി എക്സ്പ്രസ് അടക്കം ഏതാനും ട്രെയിനുകളുംകൂടി സര്‍വിസിന് അനുവദിച്ചപ്പോഴും റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് മാത്രമാണ് സൗകര്യം. മണിക്കൂറുകളോളമാണ് ഇതിന്​ ക്യൂ നില്‍ക്കേണ്ടിവരുന്നത്. സ്ത്രീകള്‍ക്കാണ് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നത്.

ഐ.ആര്‍.സി.ടി.സി മൊബൈല്‍ ആപ്പ് വഴി ബുക്കിങ് നടക്കുമെങ്കിലും അത് പരിമിതമാണ്. ആധാര്‍ ലിങ്ക് ചെയ്തവര്‍ക്ക് 12, അല്ലാത്തവര്‍ക്ക് ആറ് എന്നിങ്ങനെയേ ഒരുമാസം അതിലൂടെ ടിക്കറ്റ് ലഭ്യമാകൂ. തിരുവനന്തപുരം-കൊല്ലം, കൊല്ലം-കോട്ടയം-എറണാകുളം, കൊല്ലം-ആലപ്പുഴ-എറണാകുളം, എറണാകുളം-തൃശൂര്‍, കോഴിക്കോട്-കണ്ണൂര്‍, ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടുകളില്‍ അടിയന്തരമായി പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാണ് ആവശ്യം. കോവിഡ് പശ്ചാത്തലത്തില്‍ സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഭൂരിഭാഗം യാത്രക്കാരും. അനുകൂല തീരുമാനമുണ്ടാകാന്‍ കേരളത്തിലെ പാര്‍ലമെന്റ്  അംഗങ്ങള്‍ ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പാസഞ്ചര്‍ ട്രെയിനുകളും സീസണ്‍ ടിക്കറ്റുകളും പുനഃസ്ഥാപിക്കണമെന്നും യാത്രദുരിതത്തിന് അറുതി വരുത്തണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്ന് ട്രെയിന്‍ യാത്രക്കാരുടെ കൂട്ടായ്മ ഫ്രന്‍ഡ്​സ്​ ഓണ്‍ റെയില്‍സ് സെക്രട്ടറി ലിയോണ്‍സ് മാധ്യമങ്ങളോടു  പറഞ്ഞു.