11 വര്‍ഷമായിട്ടും നടപ്പാക്കാതെ നിയമപരിഷ്​കാര കമീഷ​ന്‍ റിപ്പോര്‍ട്ടുകള്‍

ആലപ്പുഴ: പൊതുഖജനാവില്‍നിന്ന്​ ലക്ഷങ്ങള്‍ ചെലവഴിച്ച നിയമപരിഷ്​കാര കമീഷന്‍ റിപ്പോര്‍ട്ടുകള്‍ വെളിച്ചം കാണാതെ പോകുന്നു. വി.എസ്​. അച്യുതാനന്ദന്‍ സര്‍ക്കാര്‍ 2007 നവംബര്‍ 17ന്​ നിയമിച്ച ജസ്​റ്റിസ്​ വി.ആര്‍. കൃഷ്​ണയ്യര്‍ അധ്യക്ഷനായ കമീഷന്‍ 2009ലാണ്​ റിപ്പോര്‍ട്ട്​ സമര്‍പ്പിച്ചത്​. 65 പുതിയ നിയമനിര്‍മാണങ്ങള്‍ക്കും 30 നിയമങ്ങളു​െട ഭേദഗതിക്കും ഒമ്ബത്​ നിയമചട്ടങ്ങളുടെ നിയന്ത്രണത്തിനും വേണ്ടിയാണ്​ ഫെ​ബ്രുവരി 20ന്​ റിപ്പോര്‍ട്ട്​ സമര്‍പ്പിച്ചത്​. കാലഹരണപ്പെട്ട 107 നിയമങ്ങള്‍ റദ്ദാക്കാനും ശിപാര്‍ശയുണ്ടായിരുന്നു. റിപ്പോര്‍ട്ട്​ സമര്‍പ്പിച്ച്‌​ 11 വര്‍ഷമായിട്ടും ആകെ പരിഗണിച്ചത്​ രണ്ടുകാര്യങ്ങള്‍ മാത്രമാണ്​.

കൊച്ചിയിലെ 'ദ ​േ​പ്രാപ്പര്‍ ചാനല്‍' സംഘടനയുടെ പ്രസിഡന്‍റ്​ എം.കെ. ഹരിദാസിന്​ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ്​ ഈ വിവരം​. കൃഷ്​ണയ്യര്‍ക്കുപുറമെ ജസ്​റ്റിസുമാരായ ടി.വി. രാമകൃഷ്​ണന്‍, സി.എസ്​.രാജന്‍, സീനിയര്‍ അഭിഭാഷകന്‍ കേളു നമ്ബ്യാര്‍, മുന്‍ എം.പിയും സ്​പീക്കറുമായിരുന്ന വര്‍ക്കല രാധാകൃഷ്​ണന്‍, അന്ന്​ എം.പിയായിരുന്ന ഡോ. സെബാസ്​റ്റ്യന്‍ പോള്‍, ബാരിസ്​റ്റര്‍ എം.പി.ആര്‍. നായര്‍, പി.ബി. സഹസ്രനാമന്‍, പ്രഫ.എന്‍.എസ്​. ഗോപാലകൃഷ്​ണന്‍, ഡോ. എന്‍.കെ. ജയകുമാര്‍ എന്നിവരായിരുന്നു കമീഷന്‍ അംഗങ്ങള്‍. 22.14 ലക്ഷം ചെലവഴിച്ച കമീഷ​ന്‍റെ  റിപ്പോര്‍ട്ടുകള്‍ മൂന്ന്​ സര്‍ക്കാറുകള്‍ മാറിയിട്ടും പരിഗണനക്ക്​ എടുക്കാതിരിക്കുന്നത്​ ദൗര്‍ഭാഗ്യകരമാണെന്ന്​ ഹരിദാസ്​ 'മാധ്യമങ്ങളോടു പറഞ്ഞു.