കടൽക്കൊല കേസ്: 10 കോടി നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കാൻ നീക്കം

എണ്ണക്കപ്പലായ എൻറിക്ക ലെക്‌സിയിൽ നിന്ന് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികൾ മരിച്ച കേസ് 10 കോടി രൂപ നഷ്ടപരിഹാരം നല്കി അവസാനിപ്പിക്കാൻ നീക്കം സജീവം. വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈൻ ജലസ്റ്റിൻ, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതർക്ക് നാലുകോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നല്കി കേസ് അവസാനിപ്പിക്കാനാണ് ഇറ്റലി സർക്കാരും കേന്ദ്ര-സംസ്ഥാന സർക്കാരും ശ്രമം തുടങ്ങിയിരിക്കുന്നത്.

 

ഇതിനായുള്ള ചർച്ചകൾ സർക്കാർ തലത്തിൽ നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം സംസ്ഥാന സർക്കാരും ഇറ്റാലിയൻ എംബസിയുമായിട്ടായിരുന്നു ചർച്ച എന്നാണ് അറിയുന്നത്. കേരള സർക്കാർ 15 കോടി രൂപയാണ് ചോദിച്ചത്. എന്നാൽ 10 കോടിയെ നല്കാനാകൂ എന്ന് ഇറ്റലി അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ആർബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവിന് തുടർച്ചയായിട്ടായിരുന്നു ഈ നീക്കം.

 

ആർബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവ് കഴിഞ്ഞ മെയിലായിരുന്നു. ബോട്ടിലുണ്ടായിരുന്ന എല്ലാവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നായിരുന്നു വിധി. വെടിവെച്ച ഇറ്റാലിയൻ നാവികരെ ഇന്ത്യയിൽ വിചാരണ ചെയ്യാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. ട്രിബ്യൂണലിന്റെ വിധിക്ക് വിരുദ്ധമായി വെടിയേറ്റ് മരിച്ചവരുടെ ആശ്രിതർക്കും ബോട്ടുടമയ്ക്കും മാത്രമായി നഷ്ടപരിഹാരം നല്കി കേസ് അവസാനിപ്പിക്കുന്നതിനെതിരേ ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പരാതി നല്കിയിട്ടുണ്ട്.

 

ബോട്ടിൽ ആകെ 11 പേരാണ് ഉണ്ടായിരുന്നത്. പ്രായപൂർത്തിയാകാത്ത പ്രിജിൽ എന്ന 14-കാരനും ബോട്ടിലുണ്ടായിരുന്നു. ഇയാൾക്കും നഷ്ടപരിഹാരം കിട്ടാൻ അർഹതയുണ്ടെന്ന പരാതിയും സർക്കാരിനു മുന്നിലുണ്ട്. ഇറ്റലി നല്കുന്ന നാലു കോടി രൂപ ജലസ്റ്റിന്റെ ഭാര്യക്കും രണ്ട് മക്കൾക്കുമാണ് കിട്ടുക. അജേഷ് പിങ്കിന്റെ രണ്ട് സഹോദരിമാർക്കാണ് നാലു കോടി രൂപ കൈമാറുക. ഇവർക്ക് നേരത്തെ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്കിയിരുന്നു.

 

2012 ഫെബ്രുവരി 15-നായിരുന്നു കൊല്ലം നീണ്ടകര തീരത്തുവെച്ച് മത്സ്യത്തൊഴിലാളികൾ വെടിയേറ്റ് മരിച്ചത്.