കാലടി അനധികൃത നിയമനം പരാതിയില്‍ നിന്ന്‌ പിന്മാറിയ ഡോ. പവിത്രന്‍ വിസിക്ക്‌ കത്ത്‌ നല്‍കി

കൊച്ചി : കാലടി സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട്‌ താന്‍ ഉയര്‍ത്തിയ പരാതി പിന്‍വലിക്കുന്നതായി ഇന്റര്‍വ്യൂ ബോര്‍ഡില്‍ അംഗവും വിഷയ വിദഗ്‌ധനുമായ ഡോ. ടി. പവിത്രന്‍ വ്യക്‌തമാക്കി. ഇതുസംബന്ധിച്ച കത്ത്‌ അദ്ദേഹം വൈസ്‌ ചാന്‍സലര്‍ക്ക്‌ അയച്ചു.
സി.പി.എം. നേതാവ്‌ എം.ബി. രാജേഷിന്റെ ഭാര്യ ഡോ. നിനിത കണിച്ചേരിക്ക്‌ കാലടി സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ നിന്നാണ്‌ ഡോ. പവിത്രന്റെ പിന്മാറ്റം. ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന്‌ വിഷയ വിദഗ്‌ധരില്‍ ഒരാളായിരുന്നു പവിത്രന്‍. മലയാളം സര്‍വകലാശാലയിലെ അധ്യാപകനുംകൂടിയാണ്‌ അദ്ദേഹം.
പരാതി നല്‍കിയത്‌ നിയമനാധികാരം വിഷയ വിദഗ്‌ധര്‍ക്കാണെന്ന തെറ്റിദ്ധാരണമൂലമാണെന്ന്‌ അദ്ദേഹം പറയുന്നു. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള രാഷ്‌ട്രീയ വിവാദങ്ങളില്‍ താല്‍പര്യമില്ല. പരാതി നല്‍കേണ്ടിയിരുന്നില്ല എന്ന നിലപാടാണ്‌ അദ്ദേഹത്തിനുള്ളതെന്ന്‌ കത്തില്‍ വ്യക്‌തമാക്കുന്നു. കാലടി സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ്‌ അടാട്ട്‌ ഇക്കാര്യം സ്‌ഥിരീകരിക്കുകയും ചെയ്‌തു.
പരാതി പിന്‍വലിച്ചുകൊണ്ടുള്ള കത്തിന്റെ പകര്‍പ്പ്‌ പുറത്തുവന്നിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച്‌ പ്രതികരിക്കാന്‍ ഡോ. പവിത്രന്‍ തയ്യാറായിട്ടില്ല. ഡോ. ഉമര്‍ തറമേല്‍, ഡോ. കെ.എം. ഭരതന്‍ എന്നിവരായിരുന്നു ഇന്റര്‍വ്യൂബോര്‍ഡിലെ മറ്റ്‌ രണ്ട്‌ വിഷയ വിദഗ്‌ധര്‍. തങ്ങള്‍ നല്‍കിയ റാങ്ക്‌ പട്ടിക അട്ടിമറിച്ചെന്നാണ്‌ ഡോ. ഉമര്‍ നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടത്‌. അതിനിടെ, ഒരംഗം പരാതിയില്‍ നിന്നു പിന്മാറുന്നത്‌ ഡോ. നിനിത കണിച്ചേരിക്ക്‌ സഹായകരമാണ്‌.