കത്വ-ഉന്നാവോ ഫണ്ട്‌ പിരിവ്‌: യൂത്ത്‌ ലീഗിനെതിരേ പോലീസില്‍ പരാതി

കോഴിക്കോട്‌: കത്വ-ഉന്നാവോ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത്‌ ലീഗ്‌ പിരിച്ച ഫണ്ടിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ പോലീസില്‍ പരാതി. യൂത്ത്‌ ലീഗ്‌ ദേശീയ സമിതി അംഗമായിരുന്ന യൂസഫ്‌ പടനിലമാണ്‌ കുന്ദമംഗലം പോലീസിനും ഡി.ജി.പിക്കും വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കും പരാതി നല്‍കിയത്‌.
യൂത്ത്‌ ലീഗ്‌ നേതാക്കളായ സി.കെ. സുബൈര്‍, പി.കെ. ഫിറോസ്‌ എന്നിവരെ പ്രതികളാക്കികൊണ്ടാണ്‌ കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയത്‌. വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ലക്ഷങ്ങള്‍ ഈ ഫണ്ടിലേക്ക്‌ സംഭാവന ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ വിദേശഫണ്ടുകള്‍ സംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്‌തമാക്കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ലഭിച്ച ഫണ്ട്‌ എന്തിനുവേണ്ടി ഉപയോഗിച്ചുവെന്ന്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ്‌ പരാതി.
പരാതി ലഭിച്ചതായും വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും കുന്ദമംഗലം ഇന്‍സ്‌പക്‌ടര്‍ സുജിത്ത്‌കുമാര്‍ പറഞ്ഞു. പീഡനത്തിനിരയായാവരെ സഹായിക്കാന്‍ പരിച്ച തുക ദുര്‍വിനിയോഗം ചെയ്‌തതായാണ്‌ ആരോപണം. എന്നാല്‍ പിരിച്ചെടുത്ത തുകയുടെ കണക്ക്‌ കഴിഞ്ഞ ദിവസം ചന്ദ്രക പത്രവും യുത്ത്‌ ലീഗും പുറത്തുവിട്ടിരുന്നു. സംഭവത്തെക്കുറിച്ച്‌ വിശദമായി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അന്വേഷിക്കണമെന്ന്‌ മന്ത്രി കെ.ടി. ജലീല്‍ ആവശ്യപ്പെട്ടിരുന്നു.