ഭക്ഷ്യവിഷബാധ ; പറവൂർ സംസം ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

ഭക്ഷ്യവിഷബാധ ; പറവൂർ സംസം ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

പറവൂർ : പറവൂരിലെ മുനിസിപ്പൽ കവലയിലെ സം സം ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച 2 പേർക്കു
ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഹോട്ടലിൽ
ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് പരിശോധന നടന്നത്.
   ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ
പിഴ ചുമത്താൻ ആവശ്യപ്പെട്ടു കൊണ്ടുള്ള റിപ്പോർട്ട്‌ ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമ്മീഷണർക്ക് നൽകി.
ഭക്ഷ്യവിഷബാധയേറ്റവർ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ
ചികിത്സ തേടി.
 സംഭവം പുറത്തറിയാതിരിക്കാൻ ഹോട്ടലുടമ ശ്രമം നടത്തിയതായും
ആരോപണമുയർന്നിട്ടുണ്ട്. ഇതിനു മുൻപും ഇതേ ഹോട്ടലിൽ നിന്നു
നഗരസഭയുടെ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണം ഉൾപ്പെടെ പിടികൂടിയിട്ടുണ്ട്.
ഹോട്ടലിൽ നിന്നുള്ള പഴകിയ ഭക്ഷണം കഴിച്ചതിനെ തുടർന്നു കുറച്ചു ദിവസം
മുൻപാണ് പറവൂർ സ്വദേശിയായ 2 പേർക്കു വയറിളക്കം,
ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നത് .
തുടർന്നു നടന്ന പരിശോധനയിലാണു ഭക്ഷ്യവിഷബാധയേറ്റതെന്നു
ഡോക്ടർ സ്ഥിരീകരിച്ചത്.  പറവൂരിൽ പലയിടത്തും ഇതിനു മുൻപും ഒട്ടേറെ
പേർക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവം ഉണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പും പറവൂർ ആരോഗ്യവിഭാഗവും
പരിശോധന കർശനമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.